ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരിൽ നാല് സ്കൂൾ വിദ്യാർഥികൾ ജീവനൊടുക്കി. ആരക്കോണം പനപാക്കം സർക്കാർ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥികളാണ് കിണറ്റിൽ ചാടി ജീവനൊടുക്കിയത്. രേവതി, ശങ്കർ, ദീപ, മനീഷ എന്നീ വിദ്യാർഥികളാണ് ജീവനൊടുക്കിയത്.
പഠനത്തിൽ മോശമാണെന്നു കാണിച്ച് അധ്യാപിക 14 കുട്ടികളോട് മാതാപിതാക്കളെ വിളിച്ചുകൊണ്ടു വരാൻ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് നാലു കുട്ടികൾ ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. നാട്ടുകാരും അഗ്നിശമനസേനാംഗങ്ങളും ചേർന്ന് കുട്ടികളുടെ മൃതദേഹം കരയ്ക്കെത്തിച്ചു.
എന്നാൽ, പഠനത്തിൽ പിന്നിൽ നിൽക്കുന്ന കുട്ടികളുടെ അടുത്ത് എടുക്കുന്ന സാധാരണ നടപടികൾ മാത്രമാണ് ഉണ്ടായിരിക്കുന്നതെന്ന് വിശദീകരണവുമായി സ്കൂൾ അധികൃതർ രംഗത്ത് വന്നിട്ടുണ്ട്. മാർക്കും ഹാജർ നിലയും കുറഞ്ഞ 14 വിദ്യാർത്ഥികളോട് രക്ഷകർത്താക്കളെ വിളിച്ചുകൊണ്ടുവരുവാൻ ആവശ്യപ്പെട്ടിരുന്നതായി സ്കൂൾ അധികൃതർ പറഞ്ഞു.