ചക്കരക്കൽ: പെരളശേരി എകെജി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിനി റിയ പ്രവീണിനെ ആത്മഹത്യയിലേക്ക് നയിക്കാനിടയാക്കിയത് അധ്യാപികയുടെ ശകാരവും ക്ലാസ് മുറി വൃത്തി കേടാക്കിയതിന് പിഴ ഈടാക്കാൻ ശ്രമിച്ചതെന്നും സഹപാഠിയുടെ ആരോപണം.
ക്ലാസ് മുറയിലും ഡസ്കിലും അബദ്ധത്തിൽ മഷിയായതിന്റെ പേരിൽ അധ്യാപിക ശകാരിച്ചെന്നും ക്ലാസ് മുറി വൃത്തികേടാക്കിയതിന് വലിയ തുക പിഴ ഈടാക്കുമെന്നും സ്റ്റുഡന്റ് പോലീസ് കേഡറ്റംഗമായ റിയയെ സ്റ്റുഡന്റ് പോലീസ് കേഡറ്റിൽ നിന്ന് ഒഴിവാക്കുമെന്ന് പറഞ്ഞതിലുള്ള മനോവിഷമമാണ് റിയയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് സഹപാഠി പറയുന്നത്.
റിയയുടെ ആത്മഹത്യാ കുറിപ്പിൽ ഒരധ്യാപികയുടെ പേര് പരാമർശിച്ചിരുന്നു. ഈ അധ്യാപികയുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും.
ഐവർകുളത്തെ പ്രവീൺ-റീന ദന്പതികളുടെ മകളാണ് റിയ പ്രവീൺ. കഴിഞ്ഞ ദിവസമാണ് റിയ പ്രവീണിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
അതിനിടെ കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ ഇന്നലെ സ്കൂളും വിദ്യാർഥിനിയുടെ വീടും സന്ദർശിച്ചു.