സീരിയല്‍ നടി ‘മൈന’ നന്ദിനിയുടെ ഭര്‍ത്താവ് കാര്‍ത്തികേയനെ (32) വിരുഗമ്പാക്കത്തുള്ള ലോഡ്ജ് മുറിയില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യാപിതാവാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് കാര്‍ത്തികേയന്‍ എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തുവെന്ന് പൊലീസ് പറഞ്ഞു. നഗരത്തില്‍ ജിംനേഷ്യം നടത്തിവന്ന കാര്‍ത്തികേയനും സീരിയല്‍, ടി.വി. പരിപാടികളിലൂടെ ശ്രദ്ധേയയായ നന്ദിനിയും തമ്മിലുള്ള വിവാഹം എട്ടുമാസം മുന്‍പായിരുന്നു. എന്നാല്‍, കുറച്ചുനാളായി ഇരുവരും പിരിഞ്ഞുതാമസിക്കുകയായിരുന്നു. ഇന്നലെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ ലോഡ്ജിലെത്തിയ കാര്‍ത്തികേയന്റെ അമ്മയാണ് ഇയാളെ വിഷം ഉള്ളില്‍ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്.
തന്നെയും നന്ദിനിയെയും ഒരുമിച്ചുജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും കാര്‍ത്തികേയന്‍ കുറിപ്പില്‍ വ്യക്തമാക്കി. ശരീരസൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത് ‘മിസ്റ്റര്‍ ചെന്നൈ’ പട്ടം നേടിയ കാര്‍ത്തികേയന്റെ രണ്ടാമത്തെ ഭാര്യയാണ് നന്ദിനി. തന്റെ വീട്ടുകാര്‍ എതിര്‍ത്തിട്ടും നന്ദിനി ഇയാളെ വിവാഹം കഴിക്കുകയായിരുന്നു. കാര്‍ത്തികേയന്‍ പ്രണയിച്ചശേഷം വഞ്ചിച്ചുവെന്നാരോപിച്ച് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലും ഒപ്പം താമസിക്കാന്‍ തയ്യാറാകാെത നന്ദിനി സ്വന്തം വീട്ടിലേക്കുപോയി. ഇതേത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് ഇയാളെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കരുതുന്നത്.