മാനന്തവാടി: തവിഞ്ഞാലിൽ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സിപിഎം മുൻ നേതാവും ബാങ്ക് പ്രസിഡന്റുമായിരുന്ന പി. വാസു പാർട്ടിയിൽ നിന്നും പുറത്തേക്ക്. തവിഞ്ഞാൽ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന അനിൽകുമാർ 2018 നവംബർ 30 നാണ് ആത്മഹത്യ ചെയ്തത്.
അന്ന് രക്തം കൊണ്ട് ഒപ്പിട്ട അനിൽകുമാറിന്റെ ആത്മഹത്യാ കുറിപ്പിൽ ബാങ്ക് പ്രസിഡന്റായിരുന്ന പി. വാസു, സെക്രട്ടറി നസീമ, ജീവനക്കാരൻ സുനീഷ് എന്നിവരുടെ പേരുകൾ തന്റെ മരണത്തിന് ഉത്തരവാദിയെന്ന് എഴുതി വെച്ചിരുന്നു.
സംഭവത്തെ തുടർന്ന് പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും പി. വാസുവിനെ ഒഴിവാക്കുകയായിരുന്നു. തലപ്പുഴ 44 പ്രാദേശിക പ്രവർത്തകർ പ്രതിഷേധവുമായി മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നു.
ഈ മാസം ആറിന് ചേർന്ന ജില്ലാ കമ്മിറ്റിയുടെയും ജില്ലാ സെക്രട്ടേറിയറ്റിന്റെയും തീരുമാനമാണ് വാസുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കാനുള്ള തീരുമാനമാനത്തിലെത്തിയതെന്നാണ് സൂചന. എന്നാൽ പുറത്താക്കൽ വിഷയത്തിൽ പ്രതികരിക്കാൻ പാർട്ടി നേതൃത്വം ഇതു വരെയും തയാറായിട്ടില്ല.