ഏറ്റുമാനൂര്‍: അതിരമ്പുഴ ശ്രീകണ്ഠമംഗലത്ത് യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഷൈമോള്‍ നേരിട്ടത് ക്രൂര പീഡനം; തൂങ്ങി മരണമല്ലെന്നും സൂചന.
സംഭവവുമായി ബന്ധപ്പെട്ട് ഭര്‍തൃപിതാവും അറസ്റ്റിലായി. ഭര്‍ത്താവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിരമ്പുഴ ശ്രീകണ്ഠമംഗലം പനയത്തിക്കവലയ്ക്കു സമീപം പാക്കത്തുകുന്നേല്‍ അനില്‍ വര്‍ക്കിയുടെ ഭാര്യ ഷൈമോളെയാണ് കഴിഞ്ഞ ഏഴിന് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അനിലിന്റെ പിതാവ് വര്‍ക്കി(56)യെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയതു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സംഭവം നടന്ന പിറ്റേന്നു തന്നെ അനിലിനെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഷൈമോള്‍ ക്രൂരപീഡനത്തിന് ഇരയായതായാണ് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വെളിവായത്. ഷൈമോളുടെ കുടലിന് ക്ഷതമേറ്റിട്ടുണ്ട്. വയറിനുള്ളില്‍ അര ലിറ്ററോളം രക്തം വാര്‍ന്ന് കെട്ടിക്കിടന്നിരുന്നു. രണ്ടു കാലുകളുടെയും തുടകളില്‍ മുന്‍ഭാഗത്ത് പഴയ മുറിവുകളുടെ പാടുകളും കാല്‍മുട്ടില്‍ പുതിയ മുറിവുമുണ്ടായിരുന്നു.
ഷൈമോള്‍ തൂങ്ങി മരിച്ചതല്ലെന്ന സൂചനകളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കഴുത്തിലെ കശേരുക്കള്‍ക്ക് ഒടിവോ പൊട്ടലോ കാണുന്നില്ല.
തൂങ്ങിമരണമാണെങ്കില്‍ ഇത് സംഭവിക്കേണ്ടതാണ്. തൂങ്ങിമരണത്തില്‍ മല മൂത്ര വിസര്‍ജനം നടക്കേണ്ടതാണ്. ഇവിടെ അതും സംഭവിച്ചിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഈ കണ്ടെത്തലുകള്‍ മരണത്തിലെ ദുരൂഹതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മൃതദേഹത്തില്‍ കഴുത്തിന്റെ ഇടതു വശത്ത് മുകളിലും വലതു വശത്ത് താഴെയുമായാണ് കുരുക്കിന്റെ പാട് കാണുന്നത്.
ഇതും സംശയത്തിന് ഇടനല്‍കുന്നതാണ്.മരണത്തിന് രണ്ടു ദിവസം മുമ്പ് ഷൈമോള്‍ സ്വന്തം വീട്ടില്‍ എത്തി അമ്മയോട് ഭര്‍തൃഗൃഹത്തിലെ പീഡനത്തെപ്പറ്റി പറഞ്ഞിരുന്നു. അന്ന് ഷൈമോളുടെ കുടുംബാംഗങ്ങള്‍ ഭര്‍തൃഗൃഹത്തില്‍ വിവരം തിരക്കാന്‍ എത്തി.
ഇനി ഷൈമോള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലെന്ന് ഉറപ്പു പറഞ്ഞതിനെ തുടര്‍ന്ന് ഷൈമോളെ ഭര്‍തൃഗൃഹത്തില്‍ കൊണ്ടുചെന്നാക്കി. അന്നു രാത്രിയില്‍ ഓട്ടോറിക്ഷയില്‍ ഷൈമോളുമായി ഷൈമോളുടെ വീടിനു മുന്നിലെത്തിയ ഭര്‍ത്താവ് അനില്‍ ഭീഷണി മുഴക്കിയിരുന്നു.
ഷൈമോള്‍ മരിച്ചാലല്ലാതെ ഇവിടെ നിന്ന് ആരും അങ്ങോട്ടേക്ക് വന്നു പോകരുതെന്നും ഷൈമോളെ ഇനി ഇവിടേക്കു വിടില്ലെനനും പറഞ്ഞാണ് മടങ്ങിയതെന്ന് ഷൈമോളുടെ സഹോദരന്മാരായ ഷാനും ഷൈനും പറഞ്ഞു. മരണം സംഭവിക്കുന്ന ദിവസം രാവിലെ 6.30ന് ഷൈമോള്‍ അമ്മയെ ഫോണില്‍ വിളിച്ചു.
എനിക്ക് മരിക്കാന്‍ പേടിയാണ് അമ്മേ എന്നു പറഞ്ഞാണ് ഷൈമോള്‍ ഫോണ്‍ വച്ചത്. കുടുംബാംഗങ്ങളുടെ ശാരീരികവും മാനസികവുമായ പീഡനത്തെപ്പറ്റി ഷൈമോള്‍ അന്നും കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു. ഇതിനു ശേഷം ഒരു മണിക്കൂര്‍ മാത്രം കഴിഞ്ഞപ്പോഴേക്കും ഷൈമോളുടെ മരണം സംഭവിച്ചു.