കണ്ണൂർ: രണ്ടു മക്കളുമായി പയ്യാന്പലം ബീച്ചിൽ എത്തി കടലിൽ ചാടിയ യുവതിയെ ഭർത്താവും പിങ്ക് പോലീസും ചേർന്ന് രക്ഷപ്പെടുത്തി. ഇന്നുരാവിലെ 8.30 ഓടെയാണ് കൂത്തുപറന്പ് സ്വദേശിനിയും കൂടാളിയിലെ ഭർതൃവീട്ടിൽ താമസക്കാരിയുമായ മുപ്പത്തിയഞ്ചുകാരി മക്കളുമൊത്ത് പയ്യാന്പലത്ത് എത്തിയത്.
വീട്ടിൽ നിന്നിറങ്ങുന്പോൾ തന്നെ സംശയം തോന്നിയ ഭർത്താവ് ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. ബസ് സ്റ്റാൻഡിൽ നിന്ന് ഓട്ടോറിക്ഷയിൽ പയ്യാന്പലം ബീച്ചിലേക്കു പുറപ്പെട്ടപ്പോഴും ഭർത്താവ് പിന്നാലെയുണ്ടായിരുന്നു. ഭർത്താവ് പിന്തുടരുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ യുവതി പയ്യാന്പലത്ത് എത്തിയ ഉടനെ കടലിലേക്കു ചാടുകയായിരുന്നു.
ഇതിനിടെ ഭർത്താവ് വിവരം അറിയിച്ചതിനെ തുടർന്ന് പിങ്ക് പോലീസും സ്ഥലത്തെത്തി. കടലിൽ ചാടിയ യുവതിയെ രക്ഷപ്പെടുത്തി വനിതാ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഭർത്താവിന്റെയും മാതാപിതാക്കളുടെയും മോശമായ പെരുമാറ്റമാണ് തന്നെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണു യുവതി വനിതാ പോലീസിനോടു പറഞ്ഞത്.
സംഭവമറിഞ്ഞ് അയൽവാസികളും ഭർത്താവിന്റെ സുഹൃത്തുക്കളുമടക്കമുള്ളവർ വനിതാ പോലീസ് സ്റ്റേഷനിലെത്തി. കരച്ചിൽ അടക്കാൻ കഴിയാതിരുന്ന മക്കളെയും യുവതിയെയും വനിതാ പോലീസ് ഒരുവിധത്തിൽ സമാധാനിപ്പിക്കുകയായിരുന്നു.