കോൽക്കത്ത: കടുത്തനിരാശയിൽ ജീവിതം അവസാനിപ്പിക്കാൻ പാലത്തിനു മുകളിൽ കയറിയ യുവാവിനെ താഴെയിറക്കാൻ പോലീസ് പ്രയോഗിച്ച തന്ത്രങ്ങൾ കൗതുകമായി. കഴിഞ്ഞ തിങ്കളാഴ്ച കോൽക്കത്ത നഗരത്തിലായിരുന്നു സംഭവം.
നഗരത്തിലെ പാർക്ക് സർക്കസിൽ സ്ഥിതി ചെയ്യുന്ന കൂറ്റൻ ഇരുമ്പ് പാലത്തിൽ കയറിയ യുവാവ് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.
ബൈക്കിലാണ് ഇയാൾ സ്ഥലത്തെത്തിയത്. കൂടെ ഇയാളുടെ മൂത്തമകളും ഉണ്ടായിരുന്നു. പാലത്തിനു സമീപമെത്തിയപ്പോൾ ബൈക്ക് നിർത്തുകയും മകളോട് ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു.
തുടർന്നു മകൾ നോക്കിനിൽക്കെ ഇയാൾ പാലത്തിനു മുകളിലേക്കു കയറി. താഴെനിന്ന മകൾ പേടിച്ചുകരയാനും തുടങ്ങി.സംഭവമറിഞ്ഞു പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
അയാളുമായി സംസാരിക്കുകയും പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സഹായിക്കാമെന്നു വാഗ്ദാനം നൽകുകയും ചെയ്തു. നഗരത്തിലെ പ്രസിദ്ധമായ ബിരിയാണി വാങ്ങിത്തരാമെന്നും ഇതിനിടെ രക്ഷാപ്രവർത്തകർ പറഞ്ഞു. സ്നേഹപൂർവമായ ഈ സമീപനങ്ങളിലൂടെ മനസുമാറിയ അയാൾ തിരിച്ചിറങ്ങി.
ടൈൽസ് ബിസിനസിൽ വൻ നഷ്ടം സംഭവിച്ച് സാന്പത്തികപ്രതിസന്ധിയിലായ യുവാവാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഭാര്യയുമായി വിവാഹമോചനം നേടിയ യുവാവ് ഇപ്പോൾ മൂത്ത മകളോടൊപ്പമാണു താമസിക്കുന്നത്.
ഇളയമകൾ ഭാര്യയോടൊപ്പവും. അച്ഛനെ ഉപേക്ഷിച്ചുപോകാൻ മനസില്ലാത്തതുകൊണ്ടാണു മൂത്തമകൾ ഇയാൾക്കൊപ്പം നിന്നത്. രക്ഷാപ്രവർത്തനം എന്തായാലും ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായി.