ഗാന്ധിനഗർ: ജീവനൊടുക്കാൻ ശ്രമിച്ച യുവഡോക്ടറിൽനിന്ന് മൊഴി രേഖപ്പെടുത്തിയശേഷമേ ആരോപണ വിധേയരായവരുടെ മൊഴി രേഖപ്പെടുത്തൂവെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന കോളജ് വൈസ് പ്രിൻസിപ്പലും നെഫ്രോളജി മേധാവിയുമായ ഡോ. കെ.പി. ജയകുമാർ. അന്വേഷണ റിപ്പോർട്ട് താമസിയാതെ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
യുവ ഡോക്്ടറുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽനിന്നു മാറ്റി. ജീവനൊടുക്കുവാനുണ്ടായ സാഹചര്യത്തെക്കുറിച്ചുള്ള കമ്മീഷന്റെ അന്വേഷണം ആരംഭിക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അന്വേഷണസംഘത്തോടു സംസാരിക്കുവാൻ കഴിയുന്ന ആരോഗ്യസ്ഥിതി വീണ്ടെടുക്കാത്തതാണു കാരണം.
അമിതജോലി ഭാരത്തെ തുടർന്നാണ് ഗൈനക്കോളജി വിഭാഗത്തിലെ മൂന്നാം വർഷ പിജി ഡോക്ടർ കൈഞരന്പ് മുറിച്ചും, അമിതഗുളിക കഴിച്ചും ആത്മഹത്യക്ക് ശ്രമിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഗൈനക്കോളജി ബാത്ത് റൂമിൽ വച്ചായിരുന്നുസംഭവം.മൂന്നു മാസമായി ഉറങ്ങാൻ പോലും കഴിയാതെ 42 മുതൽ 78 മണിക്കൂർ വരെ തുടർച്ചയായി ഡ്യൂട്ടി നല്കി പീഡിപ്പിച്ചുവത്രേ.
ഒരു ദിവസം പോലും അവധി നൽകാതെ 15 ദിവസം പകലും 15 ദിവസം രാത്രിയിലും തുടർച്ചയായി ഡ്യൂട്ടി നൽകി. ഇതേത്തുടർന്നാണ് ഡോക്ടർ ജീവനൊടുക്കുവാൻ ശ്രമിച്ചത്. ജീവനൊടുക്കുവാൻ ശ്രമിച്ചതിനെത്തുടർന്നു പിജി അസോസിയേഷന്റെ നേതൃത്വത്തിൽ സൂപ്രണ്ട് ഓഫീസ് പടിക്കൽ ധർണ സംഘടിപ്പിച്ചിരുന്നു. പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് ആണ് അന്വേഷണം പ്രഖ്യാപിച്ചത്.
ഡോ. കെ.പി. ജയകുമാർ, അസ്ഥിരോഗ മേധാവി ഡോ. എം.എ. തോമസ്, മുൻ മെഡിസിൻ മേധാവി ഡോ. ഷീല കുര്യൻ, ഡെപ്യൂട്ടി ആർഎംഒ ഡോ. പി.എസ്. രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.