വടക്കഞ്ചേരി: ശന്പളകുടിശിക ലഭിക്കാൻ വൈകുന്നതിൽ മനംനൊന്ത് വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാത നിർമാണകന്പനിയിലെ എൻജിനീയർ ശരീരത്തിൽ പെട്രോൾ ഒഴിച്ചതു പരിഭാന്തി പരത്തി.കഴിഞ്ഞ ഇരുപതുവർഷമായി കരാർ കന്പനിയിൽ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശിൽനിന്നുള്ള സീനിയർ എൻജിനീയറാണ് ജീവനൊടുക്കാൻ തുനിഞ്ഞത്. ഒപ്പമുണ്ടായിരുന്ന ജീവനക്കാർ തക്കസമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിനാൽ പൊള്ളലേക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
പന്ത്രണ്ടുമാസത്തെ ശന്പള കുടിശികയ്ക്കായി രണ്ടുമാസത്തോളമായി കരാർ കന്പനിയുടെ ചുവട്ടുപ്പാടത്തുള്ള ഓഫീസ് പടിക്കൽ സമരം നടത്തുന്ന നൂറോളം ജീവനക്കാർക്ക് കഴിഞ്ഞ വെള്ളിയാഴ്ച ശന്പളകുടിശിക നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്. പലതവണ തീയതികൾ മാറ്റിപറഞ്ഞ് ഒടുവിൽ പതിനഞ്ചാംതീയതി എന്ന തീരുമാനത്തിലെത്തിയിരുന്നു.
എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ചയും ശന്പളകുടിശിക കിട്ടാതായപ്പോൾ ഇന്നലെ ഉച്ചയ്ക്ക് ജീവനക്കാർ വീണ്ടും ഒത്തുകൂടി ഓഫീസിലെ ഹ്യൂമണ്‍ റിസോഴ്സ് മാനേജരെയും അക്കൗണ്ട് മാനേജരെയും കണ്ട് തങ്ങളുടെ ദുരിതം ബോധ്യപ്പെടുത്തി.കന്പനിയുടെ ഉയർന്ന മേധാവികൾ ആരും സ്ഥലത്തില്ലാത്തതിനാൽ തങ്ങൾക്ക് ശന്പളകുടിശിക നല്കുന്ന തീയതി പറയാനാകില്ലെന്ന് ഇവർ അറിയിച്ചു.
പിന്നീട് ജീവനക്കാരുടെ സമ്മർദം കൂടിയപ്പോൾ ഓഫീസിലെ മാനേജർമാർ കരാർ കന്പനിയുടെ ഹൈദരാബാദിലെ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ട് 28, 29 തീയതികളിൽ ശന്പളകുടിശിക നല്‍കാമെന്നു പറയുകയായിരുന്നു. ശന്പളം കിട്ടാൻ പിന്നേയും വൈകുമെന്നറിഞ്ഞ ജീവനക്കാരൻ തുടർന്ന് സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു.
ജീവനക്കാരൻ കുടുംബമായി ഇവിടെയാണ് താമസിക്കുന്നത്. ഫീസ് കൊടുക്കാനാകാതെ മക്കളുടെ പഠനം മുടങ്ങുന്ന സ്ഥിതിയും വീട്ടുവാടക കൊടുക്കാനില്ലാതെയും പ്രതിസന്ധി മൂർച്്ഛിച്ചപ്പോഴാണ് മനോവിഷമമുണ്ടായതെന്ന് പറയുന്നു. മാസം 60,000 രൂപവരെ ശന്പളമുള്ള ജീവനക്കാരാണ് സമരത്തിലുള്ളത്.
ചാലക്കുടി-മണ്ണുത്തിപാത വികസനംമുതൽ കന്പനിയുടെ ജീവനക്കാരായി ഇവിടെ തങ്ങുന്നവരാണ് ജീവനക്കാരിൽ ഭൂരിഭാഗവും. എട്ടുമാസത്തിലേറെയായി പാതവികസനം മുടങ്ങിക്കിടക്കുന്പോഴും സംസ്ഥാന സർക്കാരോ ഇവിടത്തെ ജനപ്രതിനിധികളോ വേണ്ടവിധം വിഷയത്തിൽ ഇടപെടുന്നില്ലെന്ന പരാതിയും ജീവനക്കാർക്കുണ്ട്.