ഗാന്ധിനഗർ: ഫാനിൽ തൂങ്ങി ജീവനൊടുക്കാൻ ശ്രമിച്ച കാമുകനെ രക്ഷപെടുത്തി, മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചശേഷം കാമുകി ഭർത്താവിനൊപ്പം രക്ഷപെട്ടു. ചൊവ്വാഴ്ച വൈകുന്നേരം മെഡിക്കൽ കോളജ് ബസ് സ്റ്റാന്റിനുസമീപമുള്ള ലോഡ്ജിലായിരുന്നു സംഭവം.
രണ്ടു മക്കളുടെ പിതാവും അയർക്കുന്നം സ്വദേശിയുമായ ലിജു (കുമാർ-35) മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. കടുവാകുളത്ത് ഭർത്താവും രണ്ട് മക്കളുമൊത്ത് താമസിക്കുന്ന കാമുകിയായ യുവതിയെ മെഡിക്കൽ കോളജിനുസമീപത്തുള്ള ലോഡ്ജിലേക്ക് എത്തുവാൻ ആവശ്യപ്പെട്ടു. യുവതി രാവിലെ 11നു ലോഡ്ജിൽ എത്തി.
വൈകുന്നേരം അഞ്ചിനു കുമാർ ലോഡ്ജിലെ ബെഡ് ഷീറ്റ് ഉപയോഗിച്ചു ഫാനിൽ തൂങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട കാമുകി ഇയാളുടെ കാലിൽ പിടിച്ച് ഉയർത്തി ഉറക്കെ നിലവിളിച്ചു. ഈ സമയം ലോഡ്ജിലെ മറ്റുതാമസക്കാരെത്തി, ജീവനക്കാരനോട് പറയുകയും ഇയാൾ ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ചു.
തുടർന്ന് സർജറി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയശേഷം കാമുകിയുടെ ഭർത്താവ് ആശുപത്രിയിലെത്തി ഇവരെ കൂട്ടികൊണ്ടു പോയി. കുമാറിനെ ഇന്നു രാവിലെ വാർഡിലേക്കു മാറ്റി. ബന്ധുക്കൾ ആരും ഇതുവരെ എത്തിയിട്ടില്ലെന്നും, അഡ്മിഷൻ സമയത്ത് തന്ന ഫോണ് നന്പരിൽ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.