കളമശേരി: വിവിധ സേനാവിഭാഗങ്ങളുടെ ആയുധശാലകൾക്ക് ചുറ്റും ജീവിക്കുന്ന ജനങ്ങളുടേത് കാൽ നൂറ്റാണ്ടിലേറെയായി നീളുന്ന ദുരിതം. ഒരു ഉയർന്ന നിലയുള്ള വീട് വയ്ക്കാനോ ഒന്ന് പുതുക്കി പണിയാനോ തടസമായി നിൽക്കുന്നതാണ് സുരക്ഷാ മേഖലയെന്ന നിയമം.
ആയുധശാലകൾക്കു ചുറ്റുമുള്ള പ്രദേശം സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതിന്റെ ഫലമായാണ് എൻഎഡി മേഖലയിൽ 1992 മുതൽ നിർമ്മാണ നിരോധനം വന്നത്. പരിസരവാസികൾക്കു വീടു വയ്ക്കുന്നതിനും അറ്റകുറ്റപണികൾ നടത്തുന്നതിനും മറ്റും പ്രതിരോധ മന്ത്രാലയം ഒട്ടേറെ നിയന്ത്രണങ്ങൾ ഏർപെടുത്തിയത്. എടത്തല പഞ്ചായത്തിലും കളമശേരി നഗരസഭയിലും പെടുന്നതാണീ പ്രദേശം.
നിബന്ധനകൾ ഈ മേഖലയിൽ പണ്ട് മുതലേ ഉണ്ടായിരുന്നെങ്കിലും 1992 മുതൽ അവ കർശനമായി നടപ്പാക്കാൻ തുടങ്ങിയതോടെ ജനങ്ങൾ ദുരിതത്തിലായി. പുതിയ കെട്ടിടങ്ങളുടെ നിർമാണം, റോഡുകളുടെയും വൈദ്യുതി ലൈനുകളുടെയും അറ്റകുറ്റപ്പണി, സ്ഥലത്തിന്റെ ക്രയവിക്രയം എന്നിവയ്ക്കാണ് നിയന്ത്രണങ്ങൾ ബാധകമായത്. ഇതോടെ വിവാഹങ്ങളേയും ഇത് ബാധിച്ചു.
എന്നാൽ അത് ലംഘിച്ച് സ്വാധീനം ഉള്ളവർക്ക് നിരവധി നിലകളുള്ള കെട്ടിടങ്ങൾ നിർമിക്കാനും സ്ഥാപനങ്ങൾ ആരംഭിക്കാനും ഇത് തടസമായതുമില്ല. ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ രാജ്യത്തെ ആയുധ ഡിപ്പോ പരിസരങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് നൽകി പുതിയ വിജ്ഞാപനം വന്നു.
എന്നാൽ 2016ൽ ഇറങ്ങിയ കേന്ദ്ര സർക്കാർ വിജ്ഞാപനത്തിൽ ആലുവ എന്‍.എ.ഡി മേഖലയെ ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല.എടത്തല പഞ്ചായത്തിൽ എൻഎഡി പരിസരത്തെ കെട്ടിട നിർമാണ നിയന്ത്രണത്തിൽ ഇളവു വരുത്താൻ നിയമ ഭേദഗതി കൊണ്ടുവരുമെന്നു അന്നത്തെ കേന്ദ്ര പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്ലി ഉറപ്പുനൽകിയിരുന്നതുമാണ്.
ഇക്കാര്യം ചോദ്യം ചെയ്ത് നൽകിയ ഹർജി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.അതിനിടയിൽ ജിപിഎസ് സർവ്വേ നടത്തി അതീവ സുരക്ഷാ മേഖല നിർണയിച്ച് ഉൾപ്പെടാത്ത പെടാത്ത മേഖലകളിൽ നിന്ന് നിയന്ത്രണങ്ങൾ നീക്കാമെന്ന് പ്രതിരോധ മന്ത്രാലയം എൻഎഡിയെ അറിയിച്ചിട്ടുണ്ട്. അങ്ങിനെയെങ്കിൽ നിർമ്മാണ നിയന്ത്രണം 116 സർവ്വേ നമ്പറുകളിൽ മാത്രമായി ചുരുങ്ങും.
എൻഎഡി മേഖലയിൽ നിർമ്മാണം നടത്താൻ അനുമതി ലഭിക്കുന്നത് മായി ബന്ധപ്പെട്ട് പരാതി പരിഹാര അദാലത്ത് ഓഗസ്റ്റ് 3 നാണ് നടക്കും. എൻ എ ഡി കോൺഫറൻസ് ഹാളിൽ വൈകിട്ട് 3 നാണ് അദാലത്ത് നടക്കുക. എൻഎഡി മേഖലയിൽ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ പൊതു ജനങ്ങൾക്ക് വീടുകൾ വയ്ക്കാനൊ പുതുക്കി നിർമ്മിക്കാനോ സാധിക്കുന്നില്ലെന്ന പരാതികളാണ് സ്വീകരിക്കുകയെന്ന് എൻഎ ഡി ജനറൽ മാനേജർ കെ രാജ അറിയിച്ചു.
ജൂലൈ 30 ന് കളമശേരി നഗരസഭ ചെയർപേഴ്സൺ ജെസി പീറ്റർ ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയെത്തുടർന്നാണീ തീരുമാനം. റോഡുകളുടെ ശോചനീയാവസ്ഥ, മാലിന്യ നിക്ഷേപങ്ങൾ വൻതോതിൽ വർധിച്ച് വരുന്നത് തുടങ്ങിയവയും യോഗത്തിൽ ചർച്ച ചെയ്തിരുന്നു. കളമശേരി നഗരസഭയിലും എടത്തല പഞ്ചായത്തിലുമായാണ് എൻഎ ഡി ഉൾപ്പെടുന്നത്.
കളമശേരി: വീട് നിർമിക്കുന്നതിന് അനുമതി ലഭിക്കാത്തതിൽ പ്രതിഷേധിച്ചു കളമശേരി നഗരസഭ ഓഫീസിനു മുന്നിൽ യുവാവ് ആത്മഹത്യാശ്രമം നടത്തി. കളമശേരി നേവൽ ആർമറി ഡിപ്പോ(എൻഎഡി) സമീപം വിടാക്കുഴയിൽ താമസിക്കുന്ന കരുണ നിവാസിൽ ബോസ്കോ (34) ആണ് ഇന്നലെ വൈകിട്ട് നാലോടെ ദേഹത്തു പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്.
ദേഹത്തു പെട്രോൾ വീണതിനെത്തുടർന്ന് ഇയാൾക്കു പൊള്ളലേറ്റിട്ടുണ്ട്. നേരത്തേ വിവരമറിയിച്ചിരുന്നതിനാൽ പോലീസ് സ്ഥലത്തുണ്ടായിരുന്നു. ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്താൻ ശ്രമിച്ചെങ്കിലും നാട്ടുകാരും പോലീസും ചേർന്നു തടഞ്ഞു. വീട് നിർമിക്കാനുള്ള പ്ലാൻ നൽകിയശേഷം അനുമതിക്കായി ബോസ്കോ പലതവണ ഉദ്യോഗസ്ഥരെ കണ്ടിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.
ഇന്നലെ ഓഫീസിലെത്തി നഗരസഭ ചെയർപേഴ്സൺ ജെസി പീറ്ററുമായി ഇക്കാര്യം സംസാരിച്ചിരുന്നു. എൻഎഡിയോടു ചേർന്നു കിടക്കുന്ന സ്ഥലമായതിനാൽ ജില്ല കളക്ടറുമായി സംസാരിച്ചിട്ടുണ്ടന്നും മൂന്നാം തീയതി കളക്ടർ ചർച്ചയ്ക്കു വിളിച്ചിട്ടുണ്ടെന്നും നഗരസഭ അധ്യക്ഷ അറിയിച്ചു. ഇതിൽ തൃപ്തനാകാതെയാണു ബോസ്കോ ആത്മഹത്യാശ്രമം നടത്തിയത്. നഗരസഭ കാര്യാലയത്തിനു മുൻപിൽ ആത്മഹത്യാശ്രമം നടത്തിയ ഇയാളെ കസ്റ്റഡിയിലെടുത്തു കേസെടുത്തശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
സുരക്ഷാമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന എൻഎഡി മേഖലയിൽ നിർമാണം നടത്താൻ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് മൂന്നിനു പരാതി പരിഹാര അദാലത്ത് നടത്തുമെന്ന് എൻഎഡി ജനറൽ മാനേജർ കെ. രാജ അറിയിച്ചു.