കൊയിലാണ്ടി : ബാലുശേരി പോലീസും കൊയിലാണ്ടി പോലീസും കൈകോര്‍ത്തപ്പോള്‍ ആത്മഹത്യ ചെയ്യാനെത്തിയ അമ്മയ്ക്കും മകനും തുണയായി. രണ്ടു ജീവനുകളാണ് പോലീസ് രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകീട്ടാണ് സംഭവം.
ബാലുശ്ശേരി പോലീസ് സ്റ്റേഷനിലാണ് അമ്മയും മകനും കാണാനില്ലെന്ന പരാതിലഭിച്ചത്.
പരാതി സ്വീകരിച്ച് ഉടന്‍ തന്നെ ജിഡി ചാര്‍ജുണ്ടായിരുന്ന രാജീവന് മൊബൈല്‍ ലോക്കേഷന്‍ നോക്കി ഇവരുടെ നീക്കം മനസിലാക്കി. കൊയിലാണ്ടി ഭാഗത്താണെന്ന് തെളിഞ്ഞതിനാല്‍ ഉടന്‍ തന്നെ കൊയിലാണ്ടി പോലീസ് ഡ്രൈവര്‍ ഒ.കെ. സുരേഷിനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി സുരേഷ് കൊയിലാണ്ടി സിഐ മെല്വിന് ജോസിനെ വിവരം അറിയിച്ചു.
ഉടന്‍ തന്നെ കൊയിലാണ്ടി എസ്ഐ.എ.കെ.ജിതേഷ്, ഒ.കെ.സുരേഷ്, സിപിഒ പ്രവീണ്‍, എഎസ്ഐ ബിന്ദു എന്നിവരുടെ ടീമും, എസ്ഐ വിനോദ് ,സി.പി.ഷമീന, രഞ്ജിത്ത് ലാല്‍ എന്നിവരടങ്ങിയ പോലീസ് സംഘവും രണ്ടു ടീമുകളായി അന്വേഷണം ആരംഭിച്ചു.
പരിസരപ്രദേശങ്ങളില്‍ അരിച്ചുപെറുക്കി നടത്തിയ റെയ്ഡില്‍ അമ്മയെയും കുട്ടിയെയും കൊയിലാണ്ടി സ്റ്റേഡിയത്തിന്റെ പിന്നില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഇവര്‍ ആത്മഹത്യ ചെയ്യാനാണ് കൊയിലാണ്ടിയില്‍ എത്തിയത് എന്നായിരുന്നു വിവരം.
ഇവരെ ബാലുശേരി പോലീസിനു കൈമാറി. പോലീസിന്റെ കൃത്യതയാര്‍ന്ന അന്വേഷണമാണ് അമ്മയ്ക്കും മകനും തുണയായി മാറിയത്. ബാലുശ്ശേരി പോലീസ് ജിഡി ചാര്‍ജ് രാജീവന്റെയും കൊയിലാണ്ടി പോലീസിന്റെയും അന്വേഷണ മികവിലാണ് രണ്ടു പേരേയും രക്ഷിക്കാന്‍ കഴിഞ്ഞത്.