ഗാന്ധിനഗർ: മെഡിക്കൽകോളജിനു സമീപത്തെ ലോഡ്ജിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ദന്പതികൾ അപകട നില തരണം ചെയ്തു. ഇടുക്കി ചെറുതോണി ഇല്ലിക്കൽ ജോണിയുടെ മകൻ പ്രിൻസ് (27), ഭാര്യ ഇടുക്കി തടിയാംപാട് സ്വദേശിനി അന്പിളി (26) എന്നിവരെയാണ് ഇന്നലെ ലോഡ്ജിൽ നിന്ന് പോലീസ് എത്തി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. പോലീസ് ഇന്ന് ഇവരുടെ മൊഴിയെടുക്കും.
എറണാകുളത്തുള്ള കന്പനിയിൽ കൊടുക്കാനുള്ള മൂന്നു ലക്ഷം രൂപയുമായി വീട്ടിൽ നിന്ന് പുറപ്പെട്ടതാണെന്നും പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവുമില്ലെന്നുമാണ് ബന്ധുക്കൾ നല്കുന്ന വിവരം. വിഷം കഴിച്ച വിവരം മെസേജായിട്ട് പ്രിൻസിന്റെ കോഴിക്കോടുള്ള യുവതിയായ ബന്ധുവിന്റെ ഫോണിലേയ്ക്ക് എത്തി. ഇവർ പ്രിൻസിന്റെ ബന്ധുക്കളെ വിവരമറിയിക്കുകയും അവർ ഹോട്ടൽ അധികൃതർക്ക് വിവരം കൈമാറുകയും ചെയ്തു.
ഹോട്ടൽ അധികൃതർ ഗാന്ധിനഗർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തിയപ്പോൾ മുറി അകത്ത് നിന്ന് പൂട്ടിയിരുന്നതിനാൽ വാതിൽ ചവിട്ടിപ്പൊളിച്ച് ഇരുവരെയും മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തിക്കുകയായിരുന്നു. പ്രഥമ ചികിത്സയ്ക്ക് ശേഷം പ്രിൻസിനെ രണ്ടാം വാർഡിലും അന്പിളിയെ ഒന്പതാം വാർഡിലും പ്രവേശിപ്പിച്ചു.
ഇതു സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ: പ്രിൻസ് എറണാകുളം പെന്റാ മേനക ഭാഗത്തെ ചുരിദാർ മൊത്തവ്യാപാര സ്ഥാപനത്തിൽ അക്കൗണ്ടന്റാണ്. ഈ സ്ഥാപനത്തിൽ നിന്നും പലപ്പോഴായി 6,88000 രൂപ ഇയാൾ തിരിമറി നടത്തിയെന്ന് സ്ഥാപന ഉടമകൾ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. ഘട്ടങ്ങളായി പണം തിരികെ ഏല്പിക്കാമെന്ന ധാരണയിൽ ഇന്നലെ മൂന്നു ലക്ഷം രുപ കൊടുക്കാമെന്നായിരുന്നു ഉറപ്പ് നൽകിയിരുന്നത്.
രാവിലെ ഇവർ വീട്ടിൽ നിന്നും മൂന്നു ലക്ഷം രൂപയുമായാണ് എറണാകുളത്തേക്ക് പുറപ്പെട്ടതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇവർ എറണാകുളത്തിന് പോകുന്നതായും പ്രിൻസിന്റെ പിതാവ് രാവിലെ 11നു വിളിച്ചപ്പോൾ തൃപ്പൂണിത്തുറ കഴിഞ്ഞെന്നും ഉടൻ തന്നെ സ്ഥലത്തെത്തി പണം കൈമാറുമെന്നുമായിരുന്നു ഇവർ പറഞ്ഞത്.
അതേസമയം ഇവർ രാവിലെ മെഡിക്കൽ കോളജിലെത്തി സമീപത്തുള്ള ഹോട്ടലിൽ മുറിയെടുത്ത് കൈവശം കരുതിയിരുന്ന വിഷം കഴിക്കുകയായിരുന്നവെന്നാണ് പറയുന്നത്.എന്നാൽ ഈ സ്ഥാപനത്തിൽ നിന്നും മാറി മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തതിനുള്ള പകപോക്കൽ ആണെന്നും ഇത്രയും തുക പ്രിൻസ് എടുത്തിട്ടില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്.