തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിനുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനിയുടെ മൊഴിയെടുത്തു. കോളജിൽ പഠനം നല്ല രീതിയിൽ കൊണ്ടുപോകാൻ സാധിച്ചില്ലെന്ന് വിദ്യാർഥിനി മൊഴി നൽകി. പഠിത്തത്തേക്കാൾ കൂടുതൽ മറ്റ് പരിപാടികളാണ് നടക്കുന്നത്. കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് പെണ്‍കുട്ടി മജിസ്ട്രേറ്റിന് മൊഴി നൽകി.
വിദ്യാർഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ നേരത്തെ മന്ത്രി കെ.ടി. ജലീൽ റിപ്പോർട്ട് തേടിയിരുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോടാണ് റിപ്പോർട്ട് തേടിയത്. വെള്ളിയാഴ്ച രാവിലെ കോളജിനകത്തെ അമിനിറ്റി സെന്ററിന് സമീപത്താണ് ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയെ ജീവനൊടുക്കാൻ ശ്രമിച്ച് അവശനിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ കോളജിലെത്തിയ വിദ്യാർഥികളും ജീവനക്കാരുമാണ് പെണ്‍കുട്ടിയെ അവശനിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.