പാലക്കാട്: നോട്ടീസിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും അപവാദപ്രചാരണം നടത്തിയതിൽ മനംനൊന്ത് മങ്കര പഞ്ചായത്ത് പ്രസിഡന്റ് ഓഫീസിനകത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചു. മഞ്ഞക്കര ചാത്തംകണ്ടം ജയരാജിന്റെ ഭാര്യ ജിൻസിയാണ് ആത്മഹത്യാശ്രമത്തെ തുടർന്ന് ജില്ലാ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്.
കഴിഞ്ഞ രണ്ടുനാളായി മങ്കര മേഖലയിൽ ഇവർക്കെതിരേ നോട്ടീസിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും അപവാദപ്രചാരണം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ ഇവർ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി നല്കിയിരുന്നു.
ഇന്നലെ വൈകുന്നേരം അഞ്ചിന് ജിൻസിയെ അബോധാവസ്ഥയിൽ ഓഫീസിൽ കണ്ടെത്തുകയായിരുന്നു. പരിസരത്തുനിന്ന് കുത്തിവയ്ക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന സിറിഞ്ചും കണ്ടെത്തി. ഇവർ നഴ്സിംഗ് ബിരുദധാരിയാണ്. സഹപ്രവർത്തകരാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്.
മങ്കര പോലീസ് കേസെടുത്തു.സാമൂഹ്യ മാധ്യമത്തിലൂടെ പ്രചാരണം നടത്തിയ താവളം സ്വദേശിയെ പോലീസ് തിരിച്ചറിഞ്ഞു. ഇയാൾ വിദേശത്തേക്കു കടന്നതായാണ് സൂചന. അപവാദപ്രചാരണം നടത്തിയവരെ വൈകാതെ അറസ്റ്റുചെയ്യുമെന്ന് മങ്കര എസ്ഐ എൻ.കെ.പ്രകാശ് പറഞ്ഞു.