തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ ബിജെപിനേതാവ് സി.കെ പത്മനാഭൻ നിരാഹാരസമരം നടത്തുന്ന പന്തലിന് സമീപം മധ്യവയസ്കൻ ജീവനൊടുക്കാൻ ശ്രമിച്ചു. പേരൂർക്കട മുട്ടട സ്വദേശി വേണുഗോപാലൻ നായരാണ് (49) ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ബിജെപിയുടെ സമരപന്തലിന് എതിർവശത്തെ ബസ് സ്റ്റാൻഡിന് സമീപത്തു നിന്നാണ് ഇദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചത്.
ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം സമരപ്പന്തലിലേക്ക് ഇദ്ദേഹം ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു.
സമരപന്തലിൽ ഉണ്ടായിരുന്ന പ്രവർത്തകരും പോലീസും ചേർന്ന് തടഞ്ഞതിനാൽ സമരപന്തലിലേക്ക് എത്താൻ സാധിക്കാതിരുന്നത് വൻദുരന്തം ഒഴിവാക്കി. നേരത്തെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണനായിരുന്നു നിരാഹാരം നടത്തിയിരുന്നത്.
അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് സി.കെ.പത്മനാഭൻ നിരാഹാരം ആരംഭിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നര മണിയോടെയായിരുന്നു ആത്മഹത്യാശ്രമം . ശബരിമലയിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ചു കൊണ്ടാണ് ഇദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ദൃക്സാക്ഷികളും ബിജെപി നേതാക്കളും വ്യക്തമാക്കുന്നത്.
ശരണം വിളിച്ച് കൊണ്ടാണ് ദേഹത്ത് തീ കൊളുത്തിയ ശേഷം സമരപ്പന്തലിലേക്ക് ഇദ്ദേഹം ഓടിയെത്തിയതെന്നാണ് ബിജെപി നേതാക്കൾ വ്യക്തമാക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ വേണുഗോപാലനെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. 95 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. ഇദ്ദേഹത്തെ ബേണ്‍ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. ശബരിമലയിലെ യുവതീപ്രവേശനത്തിൽ എതിർപ്പുണ്ടായിരുന്നയാളാണ് വേണുഗോപാലനെന്ന് ബന്ധുക്കൾ പറഞ്ഞു.
എല്ലാദിവസവും നഗരത്തിലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്താറുള്ള വേണുഗോപാലന്‍ നായര്‍ പതിവുപോലെ വീട്ടില്‍നിന്ന് ഇറങ്ങിത്തിരിച്ചതായിരുന്നുവെന്ന് മണ്ണന്തല എസ്ഐ പറഞ്ഞു. ശരീരത്തില്‍ തീ കൊളുത്തിയശേഷം സെക്രട്ടേറിയറ്റിനു മുന്നില്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമരം നടക്കുന്നതിനു സമീപത്തേക്കാണ് ഇയാള്‍ ഓടിക്കയറിയത്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട മാനസിക വിഷമമാണോ കുടുംബപരമായുള്ള എന്തെങ്കിലും വിഷയമാണോ ആത്മഹത്യാ ശ്രമത്തിനു കാരണമെന്നു വ്യക്തമായിട്ടില്ലെന്നു കന്റോണ്‍മെന്റ് പോലീസ് അറിയിച്ചു. വേണുഗോപാലന്‍ നായരുടെ ആത്മഹത്യാ ശ്രമം അറിഞ്ഞ് ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയിരുന്നു.