വടക്കഞ്ചേരി: കിഴക്കഞ്ചേരി തിരുവറയിൽ ടാർ റോഡിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടു പറന്പിന്റെ മതിലിൽ കയറിൽ തൂങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയ കുണ്ടുക്കാട് കുഞ്ഞുമോന്റെ മകൻ ബിനു(34)വിന്റെ മൃതദ്ദേഹം തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചക്ക് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഫോറൻസിക് വിഭാഗം സ്ഥലത്ത് എത്താൻ വൈകിയതാണ് ഇന്നലെ പോസ്റ്റ്മോർട്ടം നടത്താൻ കഴിയാതിരുന്നത്.
മരിച്ചു കിടക്കുന്ന സ്ഥലത്തെ സാഹചര്യങ്ങൾ വീട്ടുകാർക്കും നാട്ടുകാർക്കും സംശയം ഉണ്ടാക്കിയതിനാൽ പോലീസ് സർജന്റെ സാന്നിധ്യത്തിൽ തന്നെയാണ് പോസ്റ്റ്മോർട്ടം നടപടികൾ നടത്തുന്നത്. മൃതദേഹത്തിൽ ഇന്നലെ നടത്തിയ പ്രാഥമിക പരിശോധനയിൽ സംശയിക്കത്തക്ക മറ്റു മുറിവുകളൊന്നും കണ്ടില്ലെന്ന് പോലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ മണം പിടിച്ച് പരിസരത്തുതന്നെ കറങ്ങി നിൽക്കുകയായിരുന്നു.
ആത്മഹത്യയാണെങ്കിൽ അതിനുള്ള കാരണമാകും പോലീസിന് കണ്ടെത്തേണ്ടി വരിക. ഞായറാഴ്ച രാത്രി നിരവധി തവണ ബിനു പലരേയും ഫോണ് ചെയ്തിരുന്നതായി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.ഇന്നലെ രാവിലെയാണ് കിഴക്കഞ്ചേരി കുണ്ടുക്കാട് ജംഗ്ഷനിൽ ഓട്ടോ ഓടിക്കുന്ന ബിനുവിന്റെ മൃതദ്ദേഹം തിരുവറ ക്ഷേത്രത്തിനടുത്തെ പറന്പിന്റെ മതിലിൽ ചെറിയ കയറിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
റോഡിലെ കരിങ്കൽ കുറ്റിയിൽ കെട്ടിയ കയറിന്റെ മറുതല മതിലിനു മുകളിൽ ലൈറ്റ് ഇടാൻ സ്ഥാപിച്ചിട്ടുള്ള പി വി സി പൈപ്പിൽ ചുറ്റി ബാക്കി ഭാഗം കഴുത്തിൽ മുറുകിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇതിനാൽ റോഡിലൂടെ പോകുന്നവർക്ക് മൃതദേഹം കിടക്കുന്നത് കാണാനും കഴിയില്ല. മതിലിന് ഉയരവുമുണ്ട്.
ചെറിയ വണ്ണം കുറഞ്ഞ കയറായതിനാൽ അത് കഴുത്തിൽ മുറുകി തൊലി പൊട്ടിയാണ് രക്തം ഒഴുകിയിരുന്നതെന്നാണ് നിഗമനം. ഷർട്ടിൽ രക്തം ഒഴുകിയ പാടും കയർ കെട്ടിയ രീതികളുമാണ് സംശയങ്ങൾ ഉണ്ടാക്കുന്നത്. ബിനു ഓടിക്കുന്ന ഓട്ടോറിക്ഷയും റോഡ് സൈഡിൽ പറന്പിന്റെ ഗെയ്റ്റിനു മുന്നിലായി നിർത്തിയിട്ടിരുന്നു.
ഇതിന്റെ താക്കോൽ ഡ്രൈവർ സീറ്റിനടിയിൽനിന്നു കണ്ടെടുത്തു. സ്കൂൾ ട്രിപ്പ് എടുക്കുന്ന ഓട്ടോ ആയതിനാൽ കുട്ടികളുടെ ബാഗുകൾ കെട്ടിവെക്കാൻ ഓട്ടോയിൽ ചെറിയ കയർ ഉണ്ടാകാറുള്ളതായി പറയുന്നു.