തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ ദേഹത്ത് ഡീസൽ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയ മൂന്നു പേരെ കന്റോൺമെന്റ് പോലീസ് കസ്റ്റഡിയിലെടുത്തു.
നിലന്പൂർ സ്വദേശികളായ അഞ്ചംഗ സംഘത്തിലെ മൂന്നു പേരാണ് ആത്മഹത്യാഭീഷണി മുഴക്കിയത്.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ദേഹത്ത് ഡീസൽ ഒഴിച്ച ശേഷം തീ കൊളുത്താൻ ശ്രമിച്ച ഇവരെ പോലീസ് തടയുകയായിരുന്നു.
നിലന്പൂരിലുള്ള ക്രിമിനൽ കേസ് പ്രതിയിൽ നിന്നും തങ്ങൾക്ക് വധഭീഷണി നിലനിൽക്കുന്നതിനാൽ അധികാരികൾ നടപടിയെടുക്കാനായാണ് ഇത്തരത്തിൽ പ്രവർത്തിച്ചതെന്ന് പിടിയിലായവർ പറഞ്ഞു.
അതേ സമയം പോലീസ് കസ്റ്റഡിയിലായ അഞ്ച് പേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായതായി പോലീസ് പറഞ്ഞു.
ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളായ ഇവർ ഈ സംഘത്തിലെ പ്രധാനിയെ ആക്രമിച്ച് പണവും കാറും തട്ടിയെടുത്ത കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികാരം ചെയ്യുമെന്ന ഭയവും ഇവർക്ക് ഉള്ളതിനാൽ പോലീസ് ആസ്ഥാനമാണെന്ന് കരുതിയാണ് സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മഹത്യാഭീഷണി മുഴക്കിയതെന്ന് പോലീസിനോടു ഇവർ പറഞ്ഞു.
ട്രെയിൻമാർഗമാണ് അഞ്ച് പേരും തിരുവനന്തപുരത്തെത്തിയത്. ആത്മഹത്യ ഭീഷണി മുഴക്കിയത് മൂന്ന് പേരായിരുന്നു. രണ്ട് പേർ ഇവരോടൊപ്പം ഉണ്ടായിരുന്നു.
നിലന്പൂരിൽ നിന്നും പോലീസും ബന്ധുക്കളും ഇവരെ കൂട്ടിക്കൊണ്ട് പോകാൻ തിരുവനന്തപുരത്തേക്ക് തിരിച്ചതായി പോലീസ് പറഞ്ഞു.