പത്തനാപുരം: പന്നിപ്പടക്കം കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിലെ പ്രതിയുടെ മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പാടം ഇരുട്ടുത്തറ സ്വദേശി ശരത്തിന്റെ മാതാവാണ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വനംവകുപ്പ് പിടികൂടിയ പ്രതികൾ വ്യാജ കേസിൽ പിടികൂടിയത് ആണെന്ന് ആരോപിച്ചായിരുന്നു സംഭവം.
ഇതേതുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ശരത്തിന്റെ വീട്ടില്‍ നിന്നും മൃഗവേട്ടയുമായി ബന്ധപ്പെട്ട ഒരു തെളിവുകളും ലഭിച്ചിട്ടില്ല. ജൂൺ പത്തിന് ആണ് ഇരുട്ടുത്തറ സ്വദേശികളായ മൂന്നുപേരെ വനംവകുപ്പ് പിടികൂടിയത്. കൂട്ടുപ്രതികൾ ഒളിവിലാണെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ പിടിയിലായ പ്രതികൾ മുൻപ് യാതൊരു കേസുകളിലും ഉൾപ്പെട്ടവരല്ലെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി മുഖ്യമന്ത്രിയ്ക്കും വനംവകുപ്പ് മന്ത്രിയ്ക്കും നിവേദനം നല്‍കിയിട്ടുണ്ട്.