മാന്നാര്‍: മാന്നാറിൽ അടുത്ത നാളുകളിലായി നടന്ന ആത്മഹത്യകൾ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് മാന്നാറിലെ ആത്മഹത്യകളെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കാണപ്പെട്ട മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീദേവിയമ്മയുടെ മരണമാണ് കൂടുതൽ അന്വേഷണത്തിലേക്കും ദുരൂഹതയ്ക്കും വഴിതെളിച്ചത്.
വൻ സാമ്പത്തിക ഭദ്രതയുള്ളതും മക്കൾ നല്ല നിലയിൽ ജീവിക്കുന്നതുമായ കുടുംബത്തിൽപ്പെട്ടവരാണ് തുടർച്ചയായി ആത്മഹത്യ ചെയ്തത്. ഇവർ പരസ്പരം സൗഹൃദത്തിലുള്ളവരായിരുന്നു. ശ്രീദേവിയമ്മയുടെ മരണത്തെത്തുടർന്നാണ് നാട്ടുകാരിൽ സംശയം ഉണർത്തിയത്. വൻ സാമ്പത്തിക തട്ടിപ്പിന് ഇവരെല്ലാം ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
മുൻ പഞ്ചായത്തംഗവും ഒരു വനിതാ കോൺഗ്രസ് നേതാവും വൻ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ വിണ് ലക്ഷങ്ങൾ നഷ്ടപ്പെട്ടവരാണ്. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത് മാന്നാര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ഓങ്കാര്‍ വീട്ടില്‍ ശ്രീദേവിയമ്മ (71) യാണ്. കഴിഞ്ഞ മാസമാണ് ഇതിന് സമാനമായി രണ്ടുപേര്‍ ആത്മഹത്യ ചെയ്തത്.
ശ്രീദേവിയമ്മയുടെ പക്കല്‍നിന്നു പലപ്പോഴായി ഈ സംഘം ലക്ഷങ്ങൾ കൈപ്പറ്റിയിരുന്നു. ആദ്യം ചെറിയ തുക വാങ്ങി പറയുന്ന സമയത്ത് വങ്ങിയ പണത്തിന്റെ പലിശയും കൃത്യമായി നല്കി വിശ്വാസം ആര്‍ജിച്ചു. പിന്നീട് ശ്രീദേവിയമ്മ മുഖേനേ പലരോടും വന്‍തുക വാങ്ങി. കൂടാതെ ശ്രീദേവിയമ്മയുടെ ആഭരണങ്ങളും മറ്റുള്ളവരുടെ ആഭരണങ്ങളും വാങ്ങി പണയംവച്ച് ഈക്കുട്ടര്‍ക്ക് നല്കി. ഒടുവിൽ ശ്രീദേവിയമ്മ പൂർണമായും വഞ്ചിക്കപ്പെടുകയായിരുന്നു.