ചങ്ങരംകുളം: ചങ്ങരംകുളത്ത് പോക്സോ കേസിലെ പ്രതി കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെ വീട്ടിൽ കയറി നിരന്തരം ആക്രമിക്കുന്നതായും ഭീഷണിപ്പെടുത്തുന്നതായും പരാതി.
ലോക്കൽ പോലീസിലെ ചില ഉദ്യോഗസ്ഥരും പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി പെണ്‍കുട്ടിയും കുടുംബവും പരാതി ഉന്നയിച്ചിട്ടുണ്ട്.യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരിലാണ് പോലീസ് പോക്സോ കേസെടുത്തത്.
ഒരു വർഷം മുൻപ് റജിസ്റ്റർ ചെയ്ത കേസിൽ നിന്ന് ഒഴിവാക്കണമെന്നും പ്രതിയെ വിവാഹം കഴിക്കാൻ തയാറാവണം എന്നും ആവശ്യപ്പെട്ടാണ് പ്രതി വീട്ടിലെത്തിയത്. പെണ്‍കുട്ടി എതിർത്തതോടെ ആക്രമിച്ചു. മൊബൈൽ ഫോണ്‍ ബലമായി പിടിച്ചുവാങ്ങിക്കൊണ്ടുപോയി.
മറ്റൊരാളെ വിവാഹം കഴിച്ചാൽ പെണ്‍കുട്ടിയെ ജീവിക്കാൻ അനുവദിക്കില്ലെന്നാണ് ഭീഷണി.
പ്രതി വിദേശത്തായിരുന്ന സമയത്ത് മറ്റൊരാളുമായി പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചെങ്കിലും ദിവസങ്ങൾക്കുളളിൽ നാട്ടിലെത്തി വരനെ ഭീഷണിപ്പെടുത്തി വിവാഹം മുടക്കി. യുവാവ് പെണ്‍കുട്ടിയോട് നിരന്തരം പ്രണയാഭ്യർത്ഥന നടത്തിയിരുന്നു.
ഇതിന് വിസമ്മതിച്ചതിന്റെ പേരിൽ പല തവണ പെണ്‍കുട്ടിയെ ശാരീരികമായി അക്രമിച്ചിട്ടുണ്ടെന്നു കുടുംബം പറഞ്ഞു. ഇതിനു മുൻപും യുവാവിനെതിരെ ചങ്ങരംകുളം പോലീസിൽ നൽകിയിരുന്നു. അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇയാൾ ജാമ്യത്തിലിറങ്ങി വീണ്ടും പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.
ഇതിനെ തുടർന്നാണ് പെണ്‍കുട്ടി ഞായറാഴ്ച പുലർച്ച ആത്മഹത്യക്ക് ശ്രമിച്ചത്. കഴിഞ്ഞദിവസവും യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി കത്തി കഴുത്തിൽ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൊബൈലിൽ വിവാഹത്തിന് സമ്മതമാണെന്ന് റിക്കാർഡ് ചെയ്തിരുന്നു.
തുടർന്ന് പെണ്‍കുട്ടിയുടെ ഫോണ്‍ ഇയാൾ കൊണ്ടുപോവുകയും ചെയ്തു. പെണ്‍കുട്ടിയുടെ കല്യാണലോചനകളും ഇയാൾ മുടക്കി. തന്നെ വിവാഹം കഴിക്കുന്നില്ലെങ്കിൽ പെണ്‍കുട്ടിയെ ജീവിക്കാൻ അനുവദിക്കില്ലെന്നാണ് ഇയാളുടെ ഭീഷണിയെന്ന് പരാതിയിൽ പറയുന്നു. പെണ്‍കുട്ടിക്ക് നിയമസഹായം നൽകുന്ന ബന്ധുവിനെയും യുവാവ് ആക്രമിച്ചു.
ഇയാളെ വധിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ പെണ്‍കുട്ടിയുടെയും മാതാവിന്റെയും പരാതി പ്രകാരം ചങ്ങരംകുളം പോലീസ് യുവാവിനെതിരെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.