കോതമംഗലം: നെല്ലിമറ്റത്ത് വിഷം ഉള്ളിൽചെന്ന് യുവതി മരിച്ചു. ബന്ധുവായ യുവാവിനെ വിഷം ഉള്ളിൽചെന്ന് ഗുരുതരനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെല്ലിമറ്റം സ്കൂൾപടിക്ക് സമീപം വാടകവീട്ടിൽ താമസിക്കുന്ന തലക്കോട് മുഞ്ചയ്ക്കൽ ലൈല (40) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവും മൂവാറ്റുപുഴ പേഴയ്ക്കപ്പിള്ളി സ്വദേശിയുമായ അലിയെ (അലിമുത്ത്-45) കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
തൊടുപുഴ അറക്കുളം ആലിൻചുവട് സ്വദേശി ജോമോന് (40) ഒപ്പം എട്ട് വർഷമായി ലൈല വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നാല് ദിവസമായി അലി ഈവീട്ടിൽ ഉണ്ടായിരുന്നു. സ്വകാര്യ ബസിൽ ഡോർ ചെക്കറായ ജോമോൻ സംഭവദിവസം ലൈലയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ ഫോണ് എടുത്തത് അലിയായിരുന്നു.
കൽക്കണ്ടം ആണെന്ന് കരുതി കഴിച്ചത് വിഷമായി പോയി അവശനിലയിലാണെന്ന് അലി ജോമോനോട് പറഞ്ഞതായി പോലീസ് പറഞ്ഞു.
ജോമോൻ സ്ഥലത്തെത്തി പോലീസ് വിളിച്ചുകൊടുത്ത ആംബുലൻസിൽ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ലൈല മരിച്ചു.
അലി ആരോഗ്യനില വീണ്ടെടുത്തശേഷമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്ന് പോലീസ് പറഞ്ഞു. ലൈലയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.