തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മൂന്നു മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനമെങ്കിലും സ്ത്രീകളെ കൊന്ന ശേഷം നവീൻ ജീവനൊടുക്കിയതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കേരളത്തിൽ നിന്നുള്ള പോലീസ് സംഘം അരുണാചലിൽ എത്തിയ ശേഷം മാത്രമേ ഇത് സംബന്ധിച്ച് വ്യക്തത വരികയുള്ളൂ. ബ്ലാക്ക് മാജിക്കിന് ഇരകളായാണ് ദന്പതികളും യുവതിയും മരിച്ചതെന്ന റിപ്പോർട്ടുകളും ഉണ്ട്. ഇവരുടെ ഫോണുകളും മറ്റും കൂടുതൽ വിശദമായി പരിശോധിച്ചതിനുശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ. പരലോകത്തെപ്പറ്റിയുള്ള പ്രലോഭനങ്ങളും മരണകാരണമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
സംഭവത്തിൽ ഇറ്റാനഗർ പോലീസുമായി കൂടുതൽ ആശയവിനിമയം നടത്തുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദന്പതികൾ താമസിച്ചിരുന്ന മുറി പോലീസ് സീൽ ചെയ്തിരിക്കുകയാണ്. മുറി തുറന്ന് പരിശോധിച്ച ശേഷവും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ മാത്രമെ കുടുതൽ വിവരങ്ങൾ വ്യക്തമാക്കാനാകുവെന്നാണ് പോലീസ് പറയുന്നത്.
നവീൻ തോമസ്, ഭാര്യ ദേവി, സുഹൃത്ത് ആര്യ എന്നിവരുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധന നടത്തും. ദേവിയെ മുറിയിലെ കട്ടിലിലും ആര്യയെ തറയിലും നവീനിനെ ബാത്ത് റൂമിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആര്യയുടെ കഴുത്തിലും ദേവിയുടെ കൈകളിലും മുറിവേറ്റ പാടുണ്ടായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വിശദമായ അന്വേഷണത്തിന് ശേഷമെ വ്യക്തമാക്കാൻ സാധിക്കുകയുള്ളുവെന്നാണ് പോലീസ് പറയുന്നത്. മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ മുറിയിൽ നിന്നും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കണ്ടെത്തിയിരുന്നു.
മരണാനന്തര ജീവിതത്തെക്കുറിച്ച് ഇവർ ഗൂഗിളിൽ സെർച്ച് ചെയ്തിരുന്നുവെന്ന സംശയങ്ങൾ ഉണ്ടെന്നും പോലീസ് പറയുന്നു. ബ്ലാക്ക് മാജിക്ക് വിശ്വാസങ്ങളോട് ഇവർ അനുഭാവം പ്രകടിപ്പിച്ചിരുന്നുവെന്ന വിവരങ്ങളിലും വിശദമായ അന്വേഷണം നടത്താനാണ് പോലീസ് ഉദ്ദേശിക്കുന്നത്. ഇറ്റാനഗറിലെ ആശുപത്രി മോർച്ചറിയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും. തുടർന്ന് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ട് വരും. കോട്ടയം സ്വദേശിയാണ് നവീൻ തോമസ്. ദേവിയും നവീനും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ദേവിയുടെ അടുത്ത സുഹൃത്താണ് ആര്യ.