കോട്ടയം: കോട്ടയം അരീപ്പറമ്പില്‍ ഭാര്യയെ മരിച്ച നിലയിലും ഭര്‍ത്താവിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി.
അരീപ്പറമ്പ് അയ്യന്‍കുന്ന് കളത്തുപറമ്പില്‍ സുനില്‍ കുമാര്‍ (52), ഭാര്യ മഞ്ജുള (48) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴിനാണ് നാടിനെ നടുക്കിയ സംഭവം പുറം ലോകമറിഞ്ഞത്.
രാത്രിയില്‍ ഫുട്ബോള്‍ കളികഴിഞ്ഞു മകനും സുഹൃത്തുക്കളും വീട്ടിലെത്തിയപ്പോഴാണ് സംഭവം കാണുന്നത്. തുടര്‍ന്ന് ഇവരുടെ ബഹളം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടി.
സുനില്‍കുമാറിനെ തൂങ്ങിമരിച്ച നിലയിലും മഞ്ജുളയെ കിടപ്പുമുറിയിൽ നിലത്ത് മരിച്ച നിലയിലുമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
പ്രാഥമിക പരിശോധനയില്‍ മഞ്ജുളയുടെ ശരീരത്തില്‍ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണ കാരണം വ്യക്തമാവുകയുള്ളുവെന്നും ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നു സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
വീട്ടില്‍ നടന്ന സംഭവത്തെക്കുറിച്ചു പോലീസ് അന്വേഷിച്ചു വരികയാണ്. സുനില്‍ കുമാര്‍ ആശാരി പണികള്‍ ചെയ്യുന്നയാളും ഭാര്യ മഞ്ജുള ബേക്കറി ജീവനക്കാരിയുമാണ്.
അയര്‍ക്കുന്നം പോലീസ് സ്ഥലത്തെത്തി സുനില്‍കുമാറിന്റെ മൃതദേഹം മെഡിക്കല്‍ കോളജിലും മഞ്ജുളയുടെ മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിലേക്കും മാറ്റി.മക്കള്‍: അക്ഷര സുനില്‍ (ബ്യൂട്ടീഷന്), ദേവാനന്ദ് സുനില്‍ (എന്‍ജിനിയറിംഗ് വിദ്യാര്‍ഥി).