പത്തനാപുരം: പിറവന്തൂർ വെട്ടിത്തിട്ടയിൽ പതിനാറുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രഞ്ചിന്.ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സിനി ഡെന്നിസിനാണ് അന്വേഷണച്ചുമതല. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു.
അന്വേഷണസംഘത്തിൽ അഞ്ച് എസ് ഐ മാരും ഒന്‍പത് സിവിൽ പോലിസ് ഓഫീസർമാരുമുണ്ടാകും. പിറവന്തൂർ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടിൽ ബിജു-ബബീന ദന്പതികളുടെ മകൾ റിൻസി ബിജുവിനെ ജൂലൈ 29ന് രാവിലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്ന പരാതിയായിരുന്നു ആദ്യം മുതൽ രക്ഷിതാക്കൾ ഉന്നയിച്ചിരുന്നത്.
എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കയറോ മറ്റ് വസ്തുക്കളോ കഴുത്തിൽ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്നും കൊലപാതകത്തിനുള്ള സാധ്യത ഇല്ലെന്നുമായിരുന്നു. ഇതോടെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലെത്തുകയായിരുന്നു പോലീസ്. ആത്മഹത്യ ചെയ്തത് പുറത്തറിഞ്ഞാലുണ്ടാകുന്ന മാനക്കേടോർത്ത് രക്ഷിതാക്കൾ തന്നെ കൊലപാതകമാണെന്ന് വരുത്തി തീർക്കുകയായിരുന്നു എന്ന സംശയവും ഉണ്ടായി.
തുടർന്ന് മാതാപിതാക്കളെ ഉൾപ്പെടെ ബന്ധുക്കളെയും,അയൽക്കാരെയും പോലീസ് നിരവധി തവണ ചോദ്യം ചെയ്തു. പോലീസ് സർജന്റെയും മനഃശാസ്ത്രജ്ഞന്റെയും സാന്നിധ്യത്തിലുൾപ്പെടെ ഒന്‍പത് തവണയാണ് മാതാപിതാക്കളെ ചോദ്യം ചെയ്തത്.
പക്ഷേ പോലീസ് സംശയിക്കുന്ന ഒരു തെളിവും ലഭിച്ചില്ല. ഇതിനിടെ നാട്ടുകാരും ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ച് സമരവുമായി രംഗത്തെത്തി. തെളിവുകളൊന്നും ലഭിക്കാതെ വന്നതോടെ അന്വേഷണവും മന്ദഗതിയിലായി.ഇപ്പോൾ അന്വേഷണം നിലച്ച മട്ടാണ്. ഇതിനിടെയാണ് പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നും പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.
തലേ ദിവസം ഉറങ്ങാൻ പോകുന്പോഴും മകൾ സന്തോഷവതിയായിരുന്നുവെന്ന് പറയുന്ന മാതാവ് ബീനയും ബന്ധുക്കളും റിൻസിയുടേത് കൊലപാതകമാണെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ്. പ്രദേശത്ത് മൂന്ന് മാസം മുൻപും സമാന സാഹചര്യത്തിൽ പതിനഞ്ചുകാരി മരണപ്പെട്ടിരുന്നു.
ഇതിലും തെളിവ് കണ്ടെത്താനാകാതെ ആത്മഹത്യയാണെന്ന് രേഖപ്പെടുത്തി കേസ് അവസാനിപ്പിക്കുകയായിരുന്നു.കലഞ്ഞൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയായിരുന്ന റിൻസിയുടെ മരണം നാടിനെയും ദുഃഖത്തിലാഴ്ത്തിയിരുന്നു. അന്വേഷണത്തിന്റെ പേരിൽ പോലീസ് പീഡിപ്പിക്കന്നതായി ആരോപിച്ച് നാട്ടുകാരിൽ ചിലരും രംഗത്തെത്തിയിരുന്നു. ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറുന്നതോടെ റിൻസിയുടെ മരണത്തിൽ വ്യക്തത വരുമെന്ന ചിന്തയിലാണ് ബന്ധുക്കളും നാട്ടുകാരും.