തൃശൂർ: സിപിഎം ഭീഷണിയെ തുടര്‍ന്ന് മുൻസിഐടിയു പ്രവർത്തകൻ ജീവനൊടുക്കി. തൃശൂര്‍ പീച്ചിയിലാണ് സംഭവം.
സജി എന്നയാളാണ് മരിച്ചത്. സിഐടിയു വിട്ട് സ്വതന്ത്ര സംഘടന രൂപീകരിച്ചയാളാണ് സജി. മുന്‍ സിഐടിയു പ്രവര്‍ത്തകനാണ് മരിച്ചയാള്‍.
ആത്മഹത്യാകുറിപ്പില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാമര്‍ശമുണ്ട്. അഴിമതി ചോദ്യം ചെയ്തതാണ് സിപിഎം വിരോധത്തിന് കാരണമെന്ന് സജിയുടെ സഹോദരന് ബിജു ആരോപിച്ചു.
പ്രാദേശിക സിപിഎം നേതാക്കളുടെ ഭീഷണിയുണ്ടായിരുന്നുവെന്നും സജി മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നുവെന്ന് ബിജു പറഞ്ഞു.
സജി ജീവനൊടുക്കിയതിന് പിന്നാലെ പീച്ചിയിൽ സിപിഎം പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷത്തിൽ സിപിഎം പീച്ചി ബ്രാഞ്ച് സെക്രട്ടറിക്കും രണ്ടു പാർട്ടി പ്രവർത്തകർക്കും മർദനമേറ്റു. മൂന്നുപേരും പട്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
പീച്ചി സെന്ററിലെ സിപിഎമ്മിന്റെ മണ്ഡപവും സിപിഎമ്മിന്റെയും സിഐടിയുവിന്റെയും കൊടിതോരണങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ ജനൽച്ചില്ലുകളും തകർത്തിട്ടുണ്ട്.