ചാത്തന്നൂർ : ആത്മഹത്യയ്ക്ക് ശ്രമിച്ച മൂന്നംഗ കുടുംബത്തിലെ മകന് പിന്നാലെ അച്ഛനും മരിച്ചു. പരവൂർ കുറുമണ്ടൽ പുഞ്ചിറക്കുളം കിഴക്കേ തൊടിയിൽ സൂര്യയിൽ സജിത് (40), മകൻ ശിവ ( ആമ്പാടി – 14) എന്നിവരാണ് മരിച്ചത്. സജിതിന്റെ ഭാര്യ ശ്രീദേവി (36) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് മാതാവും പിതാവും മകനും ഉൾപ്പടെ മൂന്നു പേരെ വിഷം കഴിച്ച് അബോധാവസ്ഥയിൽ കിടപ്പുമുറിയിൽ കണ്ടെത്തിയത്. വൈകുന്നേരം നാലര മണിയോടേ സജിത്ത് സുഹൃത്തായ ചാത്തന്നൂർ സ്വദേശിഷാനിനെ ഫോണിൽ വിളിച്ചറിയിച്ച ശേഷമാണ് വിഷം കഴിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ഷാൻ പാഞ്ഞെത്തുകയും സ്വന്തം കാറിൽ ഇവരെആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
ശ്രീദേവിയുടെ അമ്മയും ഇവരോടൊപ്പമാണ് താമസം. ഈ സമയം അവർ ജോലിക്ക് പോയിരിക്കുകയായിരുന്നു. മൂവരെയും പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശിവ മരിക്കുകയായിരുന്നു. ഇന്നലെ രാത്രി വൈകിയാണ് സജിത് മരിച്ചത്.
ശ്രീദേവി അപകട നില തരണം ചെയ്തതായിപോലീസ് പറഞ്ഞു. തൈറോയിഡിനുള്ള ഗുളിക, പാരസിറ്റമോൾ, എലിവിഷം എന്നിവകോളയിൽ ചേർത്താണ് കഴിച്ചതെന്നാണ് ശിവ പോലീസിന് മൊഴി നല്കിയത്.ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലായെന്ന് പരവൂർ എസ്എച്ച്ഒ ദീപു പറഞ്ഞു. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.
പോസ്റ്റ്മോർട്ടത്തിനു ശേഷം ഇവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്കും. ശിവ ചാത്തന്നൂർ എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.സജിത് ഗൾഫിലായിരുന്നു നാട്ടിലെത്തിയ ശേഷം പരവൂരിൽ പൂജാ സാമഗ്രികൾ വില്ക്കുന്ന കട നടത്തുകയാണ്. സാമ്പത്തിക പ്രശ്നങ്ങളായിരിക്കും കൂട്ട ആത്മഹത്യാശ്രമത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.