കാഞ്ഞങ്ങാട്: ഒരു കുടുംബത്തിലെ മൂന്നുപേരെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിനു സമീപം സയന്റിഫിക് വാച്ച് വര്‍ക്സ് എന്ന പേരില്‍ വര്‍ഷങ്ങളായി വാച്ച് റിപ്പയറിംഗ് കട നടത്തുന്ന സൂര്യപ്രകാശ് (55), ഭാര്യ ഗീത (48), സൂര്യപ്രകാശിന്റെ അമ്മ ലീല (90) എന്നിവരെയാണ് റെയില്‍വേ സ്റ്റേഷന് സമീപമുള്ള വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗീതയെയും ലീലയെയും കിടപ്പുമുറിയില്‍ കട്ടിലില്‍ മരിച്ച നിലയിലും സൂര്യപ്രകാശിനെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
അമ്മയെയും ഭാര്യയെയും വിഷം നല്കി കൊലപ്പെടുത്തിയശേഷം സൂര്യപ്രകാശ് തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ഇന്ന് രാവിലെ സൂര്യപ്രകാശ് എറണാകുളത്ത് ജോലിചെയ്യുന്ന മകന് അജയിനെ വിളിച്ച് അമ്മയും വല്യമ്മയും പോയി, ഞാനും പോകുന്നു എന്ന് പറഞ്ഞിരുന്നതായി പറയുന്നു. പരിഭ്രാന്തനായ അജയ് ഒരു സുഹൃത്തിനെ വിളിച്ച് പെട്ടെന്ന് വീട്ടിലേക്കു പോകാന്‍ ആവശ്യപ്പെട്ടു.
ഇയാള്‍ വീട്ടിലെത്തിയപ്പോഴാണ് മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഹോസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. കുടുംബത്തിന് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നു. സൂര്യപ്രകാശ്-ഗീത ദമ്പതികള്‍ക്ക് ഐശ്വര്യ, ആര്യ എന്നീ രണ്ട് പെണ്മക്കള് കൂടിയുണ്ട്. ഇരുവരും വിവാഹിതരായി മറ്റിടങ്ങളില്‍ താമസിക്കുകയാണ്.