കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയെയും രണ്ടു മക്കളേയും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ (44), മക്കളായ ശിവനന്ദ് (14), അശ്വന്ത് (10) എന്നിവരാണു മരിച്ചത്. ഇന്നു പുലർച്ചെ 2.30 തോടെയാണ് യുവതിയെയും മക്കളെയും വീട്ടിൽ നിന്നു കാണാതായത്. തുടർന്ന്, വീട്ടുകാരും അയൽവാസികളും പരിസരപ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.
ഇന്നു രാവിലെ എട്ടോടെയാണ് വീട്ടുകിണറിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഭാമയുടെ ഭർത്താവ് സുരേഷ് ബാബു അഴീക്കോട് ചാലിലാണ് താമസം. ഭാമയും മക്കളും ഭാമയുടെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. പരേതനായ ദിവാകരന്റെയും ലീലയുടെയും മകളാണു ഭാമ. ബസുമതി സഹോദരിയാണ്.
മരിച്ച അശ്വന്തും ശിവനന്ദും അഴീക്കോട് വൻകുളത്ത് വയൽ ഹൈസ്കൂളിലെ വിദ്യാർഥികളാണ്.മരണകാരണം വ്യക്തമല്ല. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂരിൽ നിന്ന് അഗ്നിശമന സേനയെത്തി അസി.സ്റ്റേഷൻ ഓഫീസർ അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
മൃതദേഹങ്ങൾ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. യുവതിയുടെ മൃതദേഹം വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. കുട്ടികളുടെ മൃതദേഹങ്ങൾ വെള്ളത്തിൽ താഴ്ന്ന നിലയിലുമായിരുന്നു. വളപട്ടണം പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.