കോഴിക്കോട്: ബാങ്ക് മാനേജർമാരായ ദന്പതികളെയും രണ്ടു മക്കളെയും മലപ്പുറത്തെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
കോഴിക്കോട് കുറ്റിക്കാട്ടൂര്‍ കാരാട്ടുകുന്നുമ്മല്‍ മേലേക്കാട്ടില്‍ പറമ്പ് സബീഷ് (37), ഭാര്യ ഷീന (35), മക്കളായ ഹരിഗോവിന്ദ് (6), ശ്രീവര്‍ധന്‍ (രണ്ടര) എന്നിവരെയാണ് മലപ്പുറം മുണ്ടുപറമ്പ് മൈത്രി നഗറിലെ വാടകവീട്ടില്‍ മരിച്ചത്. കൂട്ട ആത്മഹത്യയാണെന്ന് കരുതുന്നു.
മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരാണ് സബീഷ്. കണ്ണൂര്‍ എസ്ബിഐ ശാഖയില്‍ കഴിഞ്ഞ ദിവസം മാനേജരായി ഷീന ചുമതലയേറ്റിരുന്നു.
കണ്ണൂര്‍ സ്വദേശിനിയാണ് ഇവര്‍. ഹരിഗോവിന്ദ് മലപ്പുറം േകന്ദ്രീയ വിദ്യാലയം വിദ്യാര്‍ഥിയാണ്.സബീഷിന്റെയും ഷീനയുടെയും മൃതദേഹങ്ങൾ അടുത്തടുത്ത മുറികളിൽ ഫാനിൽ തൂങ്ങിയനിലയിലായിരുന്നു.
സബീഷ് തൂങ്ങി മരിച്ച മുറിയില്‍ കട്ടിലില്‍ മരിച്ചനിലയിലാണ് ശ്രീവര്‍ധന്റെ മൃതദേഹം കിടന്നിരുന്നത്. ഹരിഗോവിന്ദന്റെ മൃതദേഹം നിലത്ത് കിടക്കയില്‍ ആയിരുന്നു.
ബന്ധുക്കള്‍ ഷീനയെ ഫോണ്‍ വിളിച്ചിട്ട് കിട്ടാതായപ്പോള്‍ രാത്രി പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് മരിച്ചുകിടക്കുന്ന നിലയില്‍ കുടുംബത്തെ കണ്ടെത്തിയത്.
ഇവരുടെ മരണം സംബന്ധിച്ച് മലപ്പുറം പോലീസ് അന്വേഷണം തുടങ്ങി. എസ്ഐ വി. ജിഷിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റ്മോര്‍ട്ടത്തിന് അയയ്ക്കും.