നെടുമ്പാശേരി: പാറക്കടവ് പഞ്ചായത്തിലെ കുറുമശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി.
പാറക്കടവ് എൻഎസ്എസ് സ്കൂളിന് സമീപം കുറുമശേരി അമ്പാട്ടുപറമ്പിൽ വീട്ടിൽ ഗോപി ( 64 ), ഭാര്യ ഷീല (56), മകൻ ഷിബിൻ (36) എന്നിവരാണ് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. മകന്റെ വൻ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
വിദേശത്ത് ജോലിക്ക് കൊണ്ടുപോകാൻ പലരിൽനിന്നായി ഷിബിൻ വാങ്ങിയ പണം ഏജന്റിന് കൈമാറിയെങ്കിലും യഥാസമയം ജോലിക്ക് കൊണ്ടുപോകുവാനോ പണം തിരിച്ചുനൽകാനോ സാധിക്കാതെ വന്നതോടെ ഷിബിന് ബാധ്യത ഏറ്റെടുക്കേണ്ടി വന്നു.
പണം തിരിച്ചുനൽകാമെന്ന് പറഞ്ഞ പല കാലാവധി കഴിഞ്ഞിട്ടും നൽകാൻ സാധിക്കാതെ വന്നതോടെ ആളുകൾ ശല്യം ചെയ്യാനും വീട്ടിൽ കുത്തിയിരിക്കാനും തുടങ്ങി. അതോടെയാണ് കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നൽകുന്ന സൂചന.
ചെത്ത് തൊഴിലാളിയായിരുന്ന ഗോപി ഇപ്പോൾ ഓട്ടോ ഡ്രൈവറാണ്. ചെങ്ങമനാട് പോലീസ് സ്ഥലത്തെത്തിയ ശേഷം മൃതദേഹങ്ങൾ താഴെയിറക്കി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരുകയാണ്.
മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും. മരണമടഞ്ഞ ഷിബിൻ വിവാഹിതനാണ്. ഭാര്യയും, ആറിലും, നാലിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്.