നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയ്ക്കു സമീപം കൂട്ടപ്പനയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ വിഷം കഴിച്ചു മരിച്ച നിലയിൽ. കൂട്ടപ്പന മരുതൂര്‍ നന്ദനത്തില്‍ മണിലാൽ (50), ഭാര്യ സ്മിത (43), മകൻ അഭിലാൽ (22) എന്നിവരാണു മരിച്ചത്.
ഇന്നലെ രാത്രി പത്തോടെ മണിലാൽ സുഹൃത്തും നഗരസഭ മുന്‍ കൗണ്‍സിലറുമായ രാജേഷിനെ ഫോണിൽ ബന്ധപ്പെട്ടു മരിക്കാന്‍ പോകുന്നു എന്ന സൂചന നല്കി. അദ്ദേഹം സ്ഥലത്തില്ലാത്തതിനാല്‍ പെട്ടെന്ന് വാർഡ് കൗൺസിലർ കൂട്ടപ്പന മഹേഷിനെ ഈ വിവരം അറിയിച്ചു. കൗണ്‍സിലര്‍ ഉടനെ മണിലാലിന്റെ വീട്ടിലെത്തി.
അകത്ത് സ്മിതയും മകനും അവശനിലയിൽ കിടക്കുന്നതു കണ്ടു. അതിനിടയിൽ മണിലാൽ കുഴഞ്ഞു വീണു. മൂവരെയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സി.കെ.ഹരീന്ദ്രൻ എം എൽ എയുടെ മുൻ ഡ്രൈവറായിരുന്നു മണിലാൽ.
പിന്നീട് കുറച്ചുകാലം ഒരു കന്പനിയില്‍ ജീവനക്കാരനായി. ഭാര്യ സ്മിത നെയ്യാറ്റിൻകരയിലെ ഒരു ടെക്സ്റ്റയിൽസിലെ ജീവനക്കാരിയാണ്. മകൻ അഭിലാൽ പോളിടെക്നിക്ക് വിദ്യാഭ്യാസം പൂർത്തിയാക്കി. സാമ്പത്തിക പ്രതിസന്ധിയാണ് മരണത്തിനു പ്രേരിപ്പിച്ചതെന്നാണു പ്രാഥമിക നിഗമനമെന്ന് നെയ്യാറ്റിന്‍കര പോലീസ് അറിയിച്ചു.
മൂന്നു പേരുടെയും മൃതദേഹങ്ങള്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കു കൊണ്ടുപോകും. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.മണിലാലിന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യ സമീപവാസികള്‍ക്കും സുഹൃത്തുക്കള്‍ക്കും വിശ്വസിക്കാനാവാത്ത സ്ഥിതിയാണ്.