കോഴിക്കോട്: പയ്യോളിയില്‍ അച്ഛനും രണ്ടു പെണ്മക്കളും മരിച്ചനിലയില്‍. പയ്യോളി അയനിക്കാട് തെക്കയില്‍ വള്ളില്‍ സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവരാണ് മരിച്ചത്. സുമേഷിനെ അയനിക്കാട് കുറ്റിയില്പീടികയില് ട്രെയിന്‍ തട്ടി മരിച്ചനിലയിലും മക്കളെ വീടിനുള്ളിൽ വിഷം അകത്തുചെന്ന് മരിച്ചനിലയിലുമാണ് കണ്ടെത്തിയത്.
ഇന്നു രാവിലെ എട്ടേകാലിന് അയനിക്കാട് കുറ്റിയില്പീടികയില് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന പരശുറാം എക്സ്പ്രസ് ട്രെയിന്‍ തട്ടിയാണ് സുമേഷ് മരിച്ചത്. വിവരമറിയിക്കാന്‍ നാട്ടുകാര്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. തൊട്ടടുത്താണ് സുമേഷിന്റെ സഹോദരന് താമസിക്കുന്നത്.
അദ്ദേഹത്തെ കൂട്ടി വീട് തുറന്നപ്പോഴാണ് രണ്ടു പെണ്‍കുട്ടികളെയും വീട്ടിനകത്ത് കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം അകത്തുചെന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
ഗോപിക ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതി റിസള്‍ട്ട് കാത്തിരിക്കുകയാണ്. ജ്യോതിക അഞ്ചാം ക്ളാസ് വിദ്യാര്‍ഥിനിയാണ്. സുമേഷിന്റെ ഭാര്യ നാലു വര്‍ഷം മുമ്പ് കോവിഡീ ബാധിച്ച് മരിച്ചിരുന്നു. സുമേഷും മക്കളും ഒന്നിച്ചാണ് താമസിച്ചിരുന്നത്. സുമേഷ് നേരത്തെ വിദേശത്തായിരുന്നു. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. വീട് സീല്‍ ചെയ്തിരിക്കുകയാണ്