എടത്വ (ആലപ്പുഴ): ഇരട്ടക്കുട്ടികളായ പിഞ്ചുമക്കളെ കൊലപ്പെടുത്തിയശേഷം അച്ഛനും അമ്മയും ജീവനൊടുക്കി. തലവടി പഞ്ചായത്ത് ഒമ്പതാം വാർഡിൽ ചക്കുളം മൂലേപ്പറമ്പിൽ സുനു (36), സൗമ്യ (31) ദമ്പതികളാണ് തൂങ്ങിമരിച്ചത്. മക്കൾ മൂന്നു വയസുള്ള ഇരട്ടക്കുട്ടികളായ ആദി, ആതിൽ എന്നിവരെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി.
ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ കൂട്ട ആത്മഹത്യയുടെ വാർത്ത പുറംലോകം അറിഞ്ഞത്. രാവിലെ എട്ടായിട്ടും ഇവരെ പുറത്തുകാണാതിരുന്നതോടെ അയൽക്കാർ അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് നാല് മൃതദേഹങ്ങൾ വീടിനുള്ളിൽ കണ്ടത്.
പിന്നാലെ വിവരം പോലീസിൽ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യയുടെ കാൻസർ രോഗവും സാമ്പത്തിക ബാധ്യതകളുമാണ് കൂട്ടമരണത്തിലേക്കു നയിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഗൾഫിൽ ജോലിയുണ്ടായിരുന്ന സൗമ്യ മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്.
വീണ്ടും ഗൾഫിലേക്ക് പോകാനായി മെഡിക്കൽ ചെക്കപ്പ് നടത്തിയപ്പോഴാണ് കാൻസർ സ്ഥിരീകരിക്കുന്നത്. ഗൾഫിൽ ജോലിയുണ്ടായിരുന്ന സുനു നാട്ടിലെത്തി വെൽഡിംഗ് ജോലികൾ ചെയ്തുവരികയായിരുന്നു.