ലക്നൗ: പിണങ്ങിപ്പോയ ഭാര്യ മടങ്ങിവരാത്തതിനെത്തുടർന്ന് രണ്ടു മക്കൾക്കു വിഷം കൊടുത്തശേഷം യുവാവ് ജീവനൊടുക്കി. മക്കളിൽ ഒരാൾ മരിച്ചു. മറ്റൊരു മകൻ ആശുപത്രിയിൽ ചികിത്സയിലാണ്.
ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന പുനീത് ആണ് ഈ കടുംകൈ കാട്ടിയത്. ഉത്തർപ്രദേശിൽ ബുലന്ദ്ഷഹർ ജില്ലയിലെ ടെലിയ നാഗ്ല എന്ന ഗ്രാമത്തിലാണു സംഭവം.
ഇയാളുടെ ഭാര്യ വഴക്കിട്ട് കഴിഞ്ഞ ആറു മാസമായി സ്വന്തം മാതാപിതാക്കൾക്കൊപ്പമാണു കഴിഞ്ഞിരുന്നത്. മക്കൾ രണ്ടു പേരും പുനീതിനൊപ്പമായിരുന്നു. ദീപാവലിക്ക് വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് ദീപാവലിയുടെ തലേ ദിവസം പുനീത് ഭാര്യയുടെ വീട്ടിലെത്തി.
എന്നാൽ ഭാര്യ വരാൻ കൂട്ടാക്കിയില്ല. ഇതിന് പിന്നാലെ ഭാര്യയുടെ വീടിന് സമീപം വച്ച് കാറിൽ കയറിയശേഷം ഒപ്പമുണ്ടായിരുന്ന രണ്ട് ആൺ മക്കൾക്കു വിഷം കൊടുക്കുകയും സ്വയം വിഷം കഴിക്കുകയുമായിരുന്നു.
ഇതിനു മുൻപ് ഒരു വീഡിയോ ഇയാൾ ചിത്രീകരിച്ചിരുന്നു. താൻ ചെയ്യുന്നതിനെല്ലാം ഉത്തരവാദി ഭാര്യയാണെന്നും തനിക്ക് നീതി കിട്ടണമെന്നുമാണു വീഡിയോയിലുള്ളത്.