ആത്മഹത്യ വനം! കേൾക്കുന്പോൾത്തന്നെ പേടി തോന്നുന്നില്ലേ… നിരവധി ആത്മഹത്യകൾ നടക്കുന്ന വനം.. വെറുതെ വനത്തിൽ കയറിയവർ പോലും തിരിച്ചുവരാതെ ജീവനൊടുക്കിയെന്നാണ് കഥകൾ… അങ്ങനെയൊരു വനത്തിൽ കയറാൻ പോലും ആളുകൾ പേടിക്കില്ലേ…
ഇതു കഥയും സിനിമയുമൊന്നുമല്ല. ജപ്പാനിൽ പോയാൽ ഈ സൂയിസൈഡ് ഫോറസ്റ്റ് കാണാം, അവിടുത്തെ മരണക്കഥകൾ കേൾക്കാം. വനത്തിലെ ഒാരോ മരക്കൊന്പുകൾക്കും ആത്മഹത്യ കഥകൾ പറയാനുണ്ടത്രേ. അത്ര ഭീതിജനകമാണ് അവിടുത്ത സാഹചര്യം.
ദുരൂഹ സംഭവങ്ങൾ
ഈ വനത്തിൽ ഓരോ വർഷവും നൂറുകണക്കിന് ആളുകളാണ് മരണപ്പെടുന്നത്. മരണം പെരുകിയതോടെ നിരവധി പൊടിപ്പും തൊങ്ങലും വച്ച കഥകളും പ്രചരിച്ചുതുടങ്ങി. ഈ വനത്തിൽ ആരെങ്കിലും പ്രവേശിച്ചാൽ അവരുടെ മനസിനെ ഏതോ ഒരു അദൃശ്യശക്തി നിയന്ത്രിച്ച് ആത്മഹത്യ ചെയ്യിക്കുമെന്നുവരെയാണ് ഇപ്പോൾ ഈ വനത്തെക്കുറിച്ചുള്ള വിശ്വാസം.
ജപ്പാനിലെ കുപ്രസിദ്ധ ഘോര വനമാണ് സൂയിസൈഡ് ഫോറസ്റ്റ്. മരങ്ങൾ തിങ്ങി നിറഞ്ഞ ഈ വനത്തിൽ മൃഗങ്ങളെയോ പക്ഷികളെയും പുറത്തേക്കു കാണുന്നതു തന്നെ കുറവാണ്. പേടിപ്പെടുത്തുന്ന അന്തരീക്ഷം. ഈ വനത്തെ എന്തുകൊണ്ട് ഇങ്ങനെ വിളിക്കുന്നു എന്നതാണ് എല്ലാവരും ചോദിക്കുന്നത്.
പോലീസ് പോസ്റ്റ്
ആത്മഹത്യാ നിരക്ക് കൂടുന്നതിനാൽ ഈ സ്ഥലത്ത് പോലീസ് ഒരു സൂയിസൈഡ് പ്രിവൻഷൻ സ്ക്വാഡ് തന്നെ രൂപീകരിച്ചിട്ടുണ്ട്. ഒരു പോലീസുകാരൻ പറയുന്ന അനുഭവം ഇങ്ങനെ…
ഒരിക്കൽ ഇതിനെക്കുറിച്ച് അന്വേഷിക്കാൻ കുറച്ചു പോലീസുകാർ പോയെന്നും കൂടെയുണ്ടായിരുന്ന പോലീസുകാരൻ രാത്രി ടെന്റിൽനിന്ന് എഴുന്നേറ്റു കാട്ടിൽ പോയി ആത്മഹത്യ ചെയ്തു എന്നുമാണ്. മറ്റൊരു പ്രത്യേകത കൂടി ഈ ഘോരവനത്തിനുണ്ട്. ഇവിടെ വടക്കുനോക്കി യന്ത്രമോ ഫോണോ ഒന്നും പ്രവർത്തിക്കില്ല.
അതുകൊണ്ടുതന്നെ കാട്ടിൽ അകപ്പെട്ടാൽ പുറത്തുകടക്കുക ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഈ വനത്തിൽ തൂങ്ങി മരിക്കുന്നതിലും ചില പ്രത്യേകതകളുണ്ടെന്നാണ് സംസാരം. തൂങ്ങി മരിച്ചു കിടക്കുന്നവരുടെ കാലുകൾ നിലത്തു ചവിട്ടിയായിരിക്കും നിൽക്കുന്നത്.
കാൽ നിലത്തു കുത്തിയാൽ തൂങ്ങി മരിക്കുക എന്നത് പലപ്പോഴും അസാധ്യമായ കാര്യമാണ്. അതെങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്താനായിട്ടില്ല. എന്തായാലും ഓരോ വർഷവും നിരവധി മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളാണ് പോലീസ് കണ്ടെടുക്കുന്നത്.
നിരവധി സിനിമകളും
സൂയിസൈഡ് ഫോറെസ്റ്റിനെ ആസ്പദമാക്കി നിരവധി സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്. ഉൾവനത്തിൽ പ്രവേശിച്ചിലാണ് കൂടുതൽ പ്രശ്നമെന്നു പ്രദേശവാസികൾ പറയുന്നു. 1990ന് മുമ്പ് വർഷത്തിൽ 30 ആളുകൾ ആത്മഹത്യ ചെയ്തിരുന്ന ഈ വനത്തിൽ 2004ന് ശേഷമുള്ള കണക്കുകൾ പ്രകാരം പ്രതി വർഷം നൂറിലധികം ആളുകൾ മരിക്കുന്നുണ്ട്.
ബ്രിട്ടീഷ് ഫോട്ടോ ജേണലിസ്റ്റായ റോബ് ഹിൽഹൂളി തനിക്കുണ്ടായ ഒരനുഭവം വിവരിക്കുന്നതിങ്ങനെ… ഒരു വലിയ മരച്ചുവട്ടിൽ കട്ടിയുള്ള ഇലകൾക്കിടയിൽ ഗർഭപാത്രത്തിൽ ഒരു കുട്ടി കിടക്കുന്നതുപോലെ ഒരു മൃതദേഹം ഞാൻ കണ്ടു. അവർക്ക് ഏകദേശം 50 വയസ് തോന്നിക്കുമായിരുന്നു.
ജീവിതം അമൂല്യം
നിങ്ങളുടെ കുട്ടികളെക്കുറിച്ചും നിങ്ങളുടെ കുടുംബത്തെക്കുറിച്ചും ശ്രദ്ധാപൂർവം ചിന്തിക്കുക, നിങ്ങളുടെ ജീവിതം നിങ്ങളുടെ മാതാപിതാക്കളുടെ ഒരു അമൂല്യ സമ്മാനമാണ്…
ആഗോളതലത്തിൽ ആത്മഹത്യാ വനം എന്നും അറിയപ്പെടുന്ന ജപ്പാനിലെ ഓക്കിഗഹാര വനത്തിന്റെ പ്രവേശന കവാടത്തിന് പുറത്തു നിങ്ങൾക്കു വായിക്കാൻ കഴിയുന്ന മുന്നറിയിപ്പ് വാക്കുകളാണിത്. ജപ്പാന്റെ തലസ്ഥാന നഗരമായ ടോക്കിയോയിൽനിന്ന് 2 മണിക്കൂർ മാത്രം സഞ്ചരിച്ചാൽ മതി ഇ വനത്തിലെത്താൻ.
സഞ്ചാരികൾ നിരവധി
സ്വാഭാവികമായും സുന്ദരമായതിനാൽ, കാൽനടയാത്രക്കാരും സാഹസിക പ്രേമികളും ധാരാളമായി ഈ സ്ഥലം സന്ദർശിക്കുന്നു, ഇവിടെ നിന്ന് ഫുജി പർവതത്തിന്റെ മനോഹാരിത കാണാൻ വരുന്നു.വിനോദ സഞ്ചാര ആവശ്യങ്ങൾക്കായി വനം സന്ദർശിക്കുന്നവർ ഒറ്റയ്ക്ക് വരുന്നില്ല, ഒപ്പം വന്ന വഴി മറക്കാതിരിക്കാൻ ഒരു പ്ലാസ്റ്റിക് ടേപ്പ് മാർക്കറായി സൂക്ഷിക്കുകയും ചെയ്യുന്നു.
അവർ മരങ്ങൾക്കു ചുറ്റും പ്ലാസ്റ്റിക് റിബൺ അല്ലെങ്കിൽ ടേപ്പും ലൂപ്പും ഉപയോഗിച്ച് അടയാളപ്പെടുത്തുന്നത് തുടരുന്നു, ഇത് അവരുടെ തിരിച്ചുവരവിനു സഹായകമാകുന്നു. ഇതിനുപുറമെ, കാടിന്റെ മറ്റൊരു സവിശേഷതയായ 300 വർഷത്തിലധികം പഴക്കമുള്ള ചില പടുകൂറ്റൻ മരങ്ങൾ ഇവിടെയുണ്ട്.
മരങ്ങളുടെ കടൽ
മൗണ്ട് ഫുജിക്ക് വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നതാണ് ഓക്കിഗഹാര വനം അല്ലെങ്കിൽ ആത്മഹത്യാ വനം. ഏകദേശം 35 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള താണ്. ഇതിനെ മരങ്ങളുടെ കടൽ എന്നും വിളിക്കുന്നു.
വനത്തിന്റെ സാന്ദ്രത കാരണം അകത്തു കയറിയാൽ പുറത്തിറങ്ങുന്നത് അസാധ്യമാണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
ജാപ്പനീസ് പുരാണമനുസരിച്ചു മരിച്ചവരുടെ പ്രേതങ്ങൾ എന്നർഥം വരുന്ന വനമേഖലയാണിത്. കാട്ടിൽനിന്നു കണ്ടെത്തുന്ന മൃതദേഹങ്ങളിൽ മിക്കതും വന്യമൃഗങ്ങൾ ഭക്ഷിച്ചതിന്റെ അവശിഷ്ടമോ കഠിനമായി അഴുകിയതോ ആയിരിക്കും.
കാന്തിക തരംഗം
ജാപ്പനീസ് ആത്മീയവാദികളിൽ ഭൂരിഭാഗവും ഈ ആത്മഹത്യകൾ ഓക്കിഗഹാരയിലെ മരങ്ങളിൽ വ്യാപിച്ചുവെന്നു വിശ്വസിക്കുന്നവരാണ്.
മേഖലയിലെ അഗ്നിപർവത മണ്ണ് സൃഷ്ടിച്ച കാന്തിക ഇരുമ്പുകളുടെ സമ്പന്നമായ നിക്ഷേപം കാരണമാണത്രേ എല്ലാ ആധുനിക സാങ്കേതിക വിദ്യകളും കോമ്പസ്, മൊബൈൽ ഫോണുകൾ തുടങ്ങിയ ഉപകരണങ്ങളും ഇവിടെ പരാജയമാകുന്നത്.
മൊബൈൽ ഫോണുകൾക്കു സിഗ്നലുകൾ ലഭിക്കാത്തപ്പോൾ കോമ്പസുകൾ വിചിത്രമായി പെരുമാറുകയും തെറ്റായ ദിശകൾ കാണിക്കുകയും ചെയ്യുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ എന്തിനാണ് ആത്മഹത്യ ചെയ്യാൻ ഈ കാട് തേടി വരുന്നതെന്ന് ഇനിയും ആർക്കും പിടികിട്ടാത്ത കാര്യമാണ്.
ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ആത്മഹത്യ ചെയ്യുന്ന സ്ഥലവും ജപ്പാനാണെന്നതും മറ്റൊരു സത്യം. എന്തു തന്നെയായാലും ചുരുളഴിയാത്ത രഹസ്യങ്ങളുടെ കൂട്ടത്തിൽ ഈ കാടും അവശേഷിക്കുന്നു.
തയാറാക്കിയത്: പ്രദീപ് ഗോപി