മൈസൂരു: ഹുന്‍സൂരില്‍ ഇരുപത്തിയെട്ടുകാരിയായ വീട്ടമ്മയും ഇരുപതുകാരനായ ആണ്‍സുഹൃത്തും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജീവനൊടുക്കി.
ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തെച്ചൊല്ലി കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ഇരുവരും ജീവനൊടുക്കിയത്. വിവാഹിതയും രണ്ടു മക്കളുടെ മാതാവുമായ ശ്രുതി (28), സമീപവാസി കൂടിയായ മുരളി(20) എന്നിവരാണ് മരിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: അയല്‍വാസികളായ ശ്രുതിയും മുരളിയും അടുത്ത സുഹൃത്തുക്കളായിരുന്നു.കഴിഞ്ഞദിവസം ശ്രുതിക്കൊപ്പം ചേര്‍ന്ന് നില്ക്കുന്ന ഫോട്ടോ മുരളി വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയിരുന്നു.
ഇതിന് പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി, കുടുംബങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കങ്ങളുണ്ടായിരുന്നു. വിവരമറിഞ്ഞ് കൂടുതല്‍ പേര് സ്ഥലത്തെത്തിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
ഇതിന് പിന്നാലെയാണ് ശ്രുതി വീടിനുള്ളില്‍ കയറി ഫാനില്‍ തൂങ്ങി മരിച്ചത്. വിവരമറിഞ്ഞ മുരളി തന്റെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു.
അതേസമയം, ശ്രുതിയും മുരളിയും അടുത്ത സുഹൃത്തുകള്‍ മാത്രമായിരുന്നെന്നും മറ്റു ബന്ധങ്ങളൊന്നും ഇല്ലായിരുന്നെന്നും വ്യത്യസ്ത ജാതികളില്പ്പെട്ടതിനാലാണ് സംഘർഷമുണ്ടായതെന്നും ഇവരുടെ സുഹൃത്തുക്കള്‍ പറഞ്ഞു.