ഗാന്ധിനഗര്‍: പിഞ്ചുകുഞ്ഞിന്റെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി കരള്‍ പകുത്തുനൽകാന്‍ തയാറായ ഭാര്യയും കുഞ്ഞും ആശുപത്രി കിടക്കയില്‍ കഴിയുമ്പോള്‍ ഭര്‍ത്താവ് റെയില്‍വേ ട്രാക്കില്‍ ജീവിതമവസാനിപ്പിച്ചു. മലപ്പുറം പെരുന്തല്‍മണ്ണ വളപുരം കരിമ്പാടത്ത് ജയേഷാ (42) ണു ജീവനൊടുക്കിയത്.
എട്ടു മാസം മാത്രം പ്രായമുള്ള മകളുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞ 20നാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിക്കപ്പെട്ടത്. ആശുപത്രിയില്‍ അഡ്മിറ്റായശേഷം ജയഷിനെ കാണാതാകുകയായിരുന്നു.
തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല. ഇയാള്‍ക്കായി അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ചിങ്ങവനം റെയില്‍വേ ട്രാക്കില്‍നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരുന്നു മൃതദേഹം. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മരിച്ചത് ജയേഷ് തന്നെയെന്ന് തിരിച്ചറിയുകയായിരുന്നു.
മകളുടെ ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടുകളും നല്കിയ ആഘാതം താങ്ങാനാവാതെയാണ് ഭര്‍ത്താവ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ചിങ്ങവനം പോലീസ്തുടര് നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നു മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
അടുത്ത ആഴ്ച കുട്ടിയുടെ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തുവാനുള്ള പരിശോധനകളും നടപടിക്രമങ്ങളും പുരോഗമിക്കുന്പോഴാണ് ജയേഷിന്റെ മരണം.