സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതിന് പിന്നാലെ 17കാരി ജീവനൊടുക്കി. സംഭവത്തില്‍ യുവാവ് യുപി പോലീസ് പിടിയിൽ ഇയാളുടെ പിതാവിനും രണ്ട് സഹോദരന്മാര്ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ 17കാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയും സഹോദരിയും പുറത്ത് പോയപ്പോഴാണ് സംഭവം.
പ്രതിയായ യുവാവ് പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ നിര്‍മിച്ച് സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ അലംഭാവം കാണിച്ചെന്ന് തെളിഞ്ഞതിന് പിന്നാലെ സ്റ്റേഷന് ഹൗസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി.
കൂടുതല്‍ അന്വേഷണം നടത്താന്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആദിത്യ കുമാര്‍ ഗൗതമിനെ ചുമതലപ്പെടുത്തിയതായി ഖേരി എസ്പി ഗണേഷ് പ്രസാദ് സാഹ പറഞ്ഞു. പോക്സോ നിയമം, ഐടി ആക്ട്, ഉത്തര്‍പ്രദേശ് നിയമവിരുദ്ധ നിരോധനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.
മതപരിവര്‍ത്ത നിരോധന നിയമപ്രകാരമുള്ള വകുപ്പും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ടെന്നാണ് സൂചന. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പ്രതിയും കുടുംബാംഗങ്ങളും സ്ഥിരമായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലേക്ക് എത്തിച്ചതിന് പിന്നാലെ നടുറോഡില്‍ വച്ച് ഗ്രാമീണര്‍ പ്രതിഷേധിച്ചുവെന്നും നാട്ടുകാരെല്ലാം ചേര്‍ന്ന് പ്രതിയുടെ സ്വത്ത് നശിപ്പിച്ചെന്നും റിപ്പോര്‍ട്ട് വന്നിരുന്നു.
പോലീസെത്തി പ്രദേശവാസികളെ ശാന്തരാക്കിയ ശേഷമാണ് പെണ്‍കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയത്. പ്രതി നടത്തി വന്നിരുന്ന കട യുപി പോലീസ് തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.