പ്രദീപ് ഗോപി
കേരളത്തിൽ പതിനെട്ടു വയസിൽ താഴെയുള്ള കുട്ടികളിൽ, പ്രത്യേകിച്ച് പെണ്‍കുട്ടികൾക്കിടയിൽ ആത്മഹത്യാ നിരക്ക് കൂടി വരുന്നതായി റിപ്പോർട്ടുകൾ. മൊത്തം ആത്മഹത്യയിൽ പുരുഷന്മാരുടെ എണ്ണത്തിൽ വൻ വർധനവുള്ളപ്പോൾ പതിനെട്ടു വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ എണ്ണം ആശങ്കയുണ്ടാകും വിധം കൂടുന്നതായി ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്ക്.
കഴിഞ്ഞ മൂന്നു വർഷത്തെ ആത്മഹത്യാ കണക്കുകൾ ഞെട്ടിക്കുന്നതാണ്. 2014 നെ അപേക്ഷിച്ച് 2016ലും 2017ലും സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് കുറവാണ്. എന്നാൽ 18 വയസ് വരെയുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യാ നിരക്ക് കൂടുകയാണ് ചെയ്തത്. കുട്ടികൾ അനുഭവിക്കുന്ന മാനസിക സമ്മർദം മുതൽ ശാരീരിക പീഡനങ്ങൾ വരെ ആത്മഹത്യയുടെ കാരണങ്ങളാണെന്ന് മനഃശാസ്ത്ര വിദഗ്ധർ പറയുന്നു.
സ്കൂൾ കുട്ടികളിൽ ആത്മഹത്യാപ്രവണത കൂടിവരുന്ന സാഹചര്യത്തിൽ സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ കീഴിൽ ബോധവത്കരണ പരിപാടികളാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. വിടരും മുന്‍പേ കൊഴിയുന്ന മൊട്ടുകൾ എന്ന പേരിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് പദ്ധതി. ഒറ്റപ്പെടൽ സ്വഭാവമുള്ള കുട്ടികളെ തിരിച്ചറിയുന്നതിനും വേണ്ട പരിഗണന നൽകുന്നതിനും പരിശീലനം നേടിയ കൗണ്സലർമാരുണ്ടാകും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തെരഞ്ഞെടുത്ത സ്കൂളുകളിൽ പൈലറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചതായാണു റിപ്പോർട്ടുകൾ.
18 വയസുണ്ടായിരുന്ന പ്രജ്ഞയുടെ കഥ കുടുംബ കലഹവുമായി ബന്ധപ്പെട്ടതാണ്. അവളുടെ മാതാപിതാക്കാൾ പലപ്പോഴും വഴക്കടിക്കുമായിരുന്നു, അവളുടെ അച്ഛൻ മദ്യപിച്ചെത്തി അമ്മയെ തല്ലുകയും ചെയ്യുമായിരുന്നു. മാതാപിതാക്കളുടെ ഈ ദാന്പത്യ കലഹം അവളുടെ വൈകാരികമായ സ്വസ്ഥതയെ ബാധിച്ചു. അവൾക്ക് ഈ പ്രശ്നത്തിൽ നിന്ന് തന്റെ ശ്രദ്ധയെ വഴിതിരിച്ചുവിടാൻ സഹായകമായ എന്തെങ്കിലും പ്രവൃത്തികളിൽ ഏർപ്പെടാനോ പഠനത്തിൽ ശ്രദ്ധവയ്ക്കാനോ കഴിയാതായി. ഒടുവിൽ, ആരെങ്കിലുമായി ഈ പ്രശ്നം പങ്കുവയ്ക്കുകയോ ആരുടെയെങ്കിലും സഹായം തേടുകയോ ചെയ്യുന്നതിനു പകരം പ്രജ്ഞ ആത്മഹത്യ ചെയ്തു.
ബ്ലൂവെയിൽ ആത്മഹത്യാ ഗെയിം
ലോകത്ത് ആകമാനം 200 പേരുടെ മരണത്തിന് കാരണമായ ആത്മഹത്യാ ഗെയിം കേരളത്തിലുമെന്ന് റിപ്പോർട്ട്. കേരളത്തിൽ രണ്ടായിരത്തോളം പേർ ഈ ഗെയിം കളിക്കുന്നുണ്ടെന്നായിരുന്നു പോലീസിന്റെ നിഗമനം. കഴിഞ്ഞ മാസം പാലക്കാട്ടെ നാലു കുട്ടികൾ കെഎസ്ആർടിസി ബസിൽ ചാവക്കാട് കടൽ കാണാൻ എത്തിയത് ഗെയിമിന്റെ ഭാഗമായിരുന്നു എന്നാണ് റിപ്പോർട്ട്. രക്ഷിതാക്കൾ മൊബൈൽ പരിശോധിച്ചപ്പോൾ കുട്ടികൾ ഈ ഗെയിം കളിച്ചിരുന്നതായി മനസിലായി.
ആത്മഹത്യാ ഗെയിമായ ബ്ലൂ വെയ്ൽ കേരളത്തിൽ പ്രചരിപ്പിക്കുന്നതിൽ ചില ഏജൻസികളും ഉള്ളതായി പോലീസ് സംശയിക്കുന്നു. ഇതു സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ പോലീസ് ആവശ്യപ്പെട്ടുകഴിഞ്ഞു. കളിക്കുന്നവരെ അവസാന ഘട്ടത്തിലെത്തുന്പോൾ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതാണ് ഗെയിം.
ശരീരം മുറിച്ച് രക്തം വരുന്ന ദൃശ്യങ്ങൾ അപ്ലോഡ് ചെയ്ത് വേണം ഗെയിം തുടങ്ങാൻ. പിന്നീടുള്ള സ്റ്റേജുകളിൽ ഇത്തരത്തിൽ നിരവധി കാര്യങ്ങൾ ആവശ്യപ്പെടും. അവസാനം കളി പുർത്തിയാക്കുന്നവർ ആത്മഹത്യ ചെയ്യുന്നു. ലോകത്തിൽ 200 പേരുടെ ആത്മഹത്യക്ക് ഈ കൊലയാളി ഗെയിം കാരണമായെന്നാണ് നിഗമനം.
ഏതാനും നാൾ മുന്‍പു മുംബൈയിൽ 14 വയസുകാരൻ ആത്മഹത്യ ചെയ്തതോടെയാണ് ഇന്ത്യയിലും ഇത് എത്തിയതായി സൂചന ലഭിച്ചത്. മിക്ക രാജ്യങ്ങളും ഇത് നിരോധിച്ചു കഴിഞ്ഞു.കൗമാരക്കാരുടെ ആത്മഹത്യയെക്കുറിച്ചുള്ള ഹൃദയം തകർക്കുന്ന വാർത്തകൾ ഓരോ ദിവസവും നമ്മൾ പത്രങ്ങളിൽ വായിക്കുകയും ടെലിവിഷനിൽ കാണുകയും കേൾക്കുകയും ചെയ്യുന്നു.
കേരളം എട്ടാമത്
കേരളത്തിൽ ആത്മഹത്യ ചെയ്യുന്നതിൽ 75 ശതമാനവും പുരുഷന്മാരാണ്. ആത്മഹത്യ ചെയ്യുന്നതിൽ 75 ശതമാനം പേരും വിവാഹിതരുമാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ആത്മഹത്യയുടെ കാര്യത്തിൽ കേരളത്തിന് എട്ടാംസ്ഥാനമാണ്. നേരത്തേ ആത്മഹത്യയുടെ കാര്യത്തിൽ കേരളം ഒന്നാംസ്ഥാനത്തായിരുന്നു. 15നും 45നും ഇടയിലുള്ള പുരുഷന്മാരുടെ ഇടയിലാണ് ആത്മഹത്യാനിരക്ക് കൂടുതൽ.
അതേസമയം, കഴിഞ്ഞ വർഷത്തേക്കാളും കേരളത്തിൽ ആത്മഹത്യകൾ കുറഞ്ഞു. കഴിഞ്ഞ പത്തു വർഷമായി കുടുംബ ആത്മഹത്യയുടെ കാര്യത്തിലും സംസ്ഥാനത്ത് കുറഞ്ഞ നിരക്കാണു രേഖപ്പെടുത്തുന്നത്. 2003ൽ ഒരുലക്ഷത്തിൽ 28.9 ആയിരുന്നു നിരക്കെങ്കിൽ ഇപ്പോൾ 21.6 ആയി.
കേരളത്തിലെ ആത്മഹത്യകളിൽ 36.5 ശതമാനം കുടുംബപ്രശ്നങ്ങൾ മൂലവും 24.1 ശതമാനം മാനസിക, ശാരീരിക രോഗങ്ങൾ മൂലവുമാണെന്ന് നാഷനൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകളിൽ കുടുംബിനികളും ആത്മഹത്യ ചെയ്യുന്ന കാര്യത്തിൽ പിന്നിലല്ല.
മൂന്നു വർഷം മുന്‍പു വരെ കുടുംബ ആത്മഹത്യകളുടെ കാര്യത്തിൽ കേരളമായിരുന്നു മുന്പിൽ. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഓരോ വർഷവും ലോകത്താകെ ഒരുകോടി പേരെങ്കിലും ജീവനൊടുക്കുന്നുണ്ട്.
ഓരോ മിനിറ്റിലും രണ്ട് ആത്മഹത്യ. ഓരോ ആത്മഹത്യ നടക്കുന്പോഴും 20 ആത്മഹത്യാശ്രമങ്ങളുമുണ്ട്. 2015ൽ കേരളത്തിൽ ആകെ ആത്മഹത്യ ചെയ്തത് 7,692 പേരാണ്. ഇന്ത്യയിലെ മൊത്തം ആത്മഹത്യാനിരക്കിന്റെ 21.6 ശതമാനമാണിത്. അതേസമയം രാജ്യത്ത് ഓരോ മണിക്കൂറിലും ഓരോ വിദ്യാർഥി ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ
റിപ്പോർട്ട്.
ലക്ഷത്തിൽ 25
ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഒരു ലക്ഷത്തിൽ 25 പേർ കേരളത്തിൽ ആത്മഹത്യ ചെയ്യുന്നുണ്ട്. ദേശീയ ആത്മഹത്യാ നിരക്ക് ഒരു ലക്ഷത്തിൽ 10.6 എന്ന തോതിലാണ്. ഓരോ വർഷവും കേരളത്തിൽ ശരാശരി 9,000 പേരെങ്കിലും ആത്മഹത്യ ചെയ്യുന്നുണ്ട്. അതോടൊപ്പം അതീവ ഗൗരവതരമായി കാണേണ്ട കാര്യം കേരളത്തിൽ കുട്ടികളുടെ ആത്മഹത്യാ നിരക്ക് കൂടിവരുന്നു എന്നതാണ്.
മാർക്ക് കുറഞ്ഞുപോയതുകൊണ്ട് ടീച്ചർ വഴക്ക് പറഞ്ഞതിന് മലപ്പുറത്ത് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് അടുത്തകാലത്താണ്. പത്താം ക്ലാസ് വരെ ഒരു സ്കൂളിൽ പഠിച്ച മകളെ പ്ലസ് വണ്ണിന് സ്കൂൾ മാറ്റി ചേർത്തതിനാണ് അധ്യാപക ദന്പതികളുടെ ഏക മകൾ വടകരയിൽ ആത്മഹത്യ ചെയ്തത്. റാഗിംഗ് ഭയന്നും സെക്സ് റാക്കറ്റിന്റെ വലയിൽ പെട്ടുമൊക്കെ കുട്ടികൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ നിരവധിയാണ്.
ആഗ്രഹിച്ച സാധനങ്ങൾ രക്ഷിതാക്കൾ വാങ്ങിച്ചുകൊടുക്കാത്തതിന്റെ പേരിലും പരീക്ഷാഫലത്തെ ഭയന്നും കുട്ടികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഏറെ ചർച്ച ചെയ്ത കോന്നി പെണ്‍കുട്ടികളുടെ തിരോധാനത്തിനും മരണത്തിനും പിന്നിലെ യഥാർഥ കാരണം ഇപ്പോഴും അജ്ഞാതമാണ്. കുറച്ചുനാൾ മുൻപ് ആലപ്പുഴ ജില്ലയിലെ ഒരു സ്കൂളിലെ പെണ്‍കുട്ടികൾ ആത്മഹത്യ ചെയ്തു. സംസ്ഥാനത്തെ ഒരു സ്പോർട്സ് സ്കൂളിൽ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതും ഈ അടുത്തകാലത്താണ്.
എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾ ആത്മഹത്യ ഒരു രക്ഷാമാർഗമായി തിരഞ്ഞെടുക്കുന്നത്? അധ്യാപകരുടെയോ രക്ഷിതാക്കളുടെയോ കുറ്റപ്പെടുത്തലുകളെ നേരിടാനുള്ള മാനസികമായ കരുത്ത് കുട്ടികൾക്ക് ഇല്ലാതെ പോകുന്നത് എന്തുകൊണ്ടാണ്? ആരാണ് കുഞ്ഞുങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്? ഇത്തരം ഒട്ടേറെ ചോദ്യങ്ങൾ അവശേഷിപ്പിച്ചാണ് കുട്ടികളുടെ ഒാരോ ആത്മഹത്യയും നടക്കുന്നത്.
(തുടരും)