തൃശൂർ: കൊടുങ്ങല്ലൂർ ഏറിയാട് പാലമറ്റത്ത് യുവതി ആത്മഹത്യ ചെയ്തത് പലിശക്കാരുടെ ഭീഷണിയും അധിക്ഷേപവും കാരണമെന്ന് കുടുംബം. ധനകാര്യ സ്ഥാപനങ്ങളുടെ ഏജന്റുമാർ വീട്ടിലും ജോലി സ്ഥലത്തും എത്തി ഷിനിയെ ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഇന്നലെയാണ് എറിയാട് പഞ്ചായത്തിലെ യുബസാറിനു സമീപം വാക്കാശേരി രതീഷിന്റെ ഭാര്യ ഷിനി(35) വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ മൈക്രോഫിനാൻസ് കന്പനിയുടെ കളക്ഷൻ ഏജന്റുകൾ രണ്ടു ബൈക്കുകളിലായി ഷിനിയുടെ വീട്ടിലെത്തിയിരുന്നതായും തുടർന്ന് ഷിനി വീട്ടിനകത്തുകയറി വാതിലടച്ചതായും അയൽവാസികൾ പറയുന്നു.
ഷിനി വാതിലടച്ചതോടെ സംശയം തോന്നിയ അയൽവാസികളെത്തി വാതിൽമുട്ടി വിളിച്ചെങ്കിലും തുറക്കാതായതോടെ ഇവർ വിവരം ടൈൽസ് പണിക്കാരനായ ഭർത്താവ് രതീഷിനെ വിളിച്ചറിയിക്കുകയായിരുന്നു. ജോലി സ്ഥലത്തായിരുന്ന രതീഷ് ഷിനിയുടെ അച്ഛനെ വിളിച്ച് വിവരം പറയുകയും അച്ഛനെത്തി വാതിൽ മുട്ടി വിളിച്ചെങ്കിലും തുറക്കാത്തതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ബലംപ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ ഷിനിയെ കണ്ടത്. ഉടൻ മോഡേണ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ ഏജന്റുമാർ വീട്ടിലും ജോലി സ്ഥലത്തുമെത്തി ഭീഷണിപ്പെടുത്തിയതായി മരിച്ച ഷിനിയുടെ ഭർത്താവ് രതീഷും പിതാവ് രമണനും പറയുന്നു. ഷിനി ജോലി ചെയ്യുന്ന കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി പലിശസംഘം ഭീഷണിപ്പെടുത്തുകയും നാണം കെടുത്തുകയും ചെയ്തുവെന്നും കുടുംബം പറഞ്ഞു.
പലിശക്കാരുടെ ഭീഷണി കാരണം ജീവിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. ഷിനിയുടെ മരണത്തിനിടയാക്കിയ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.