ഝാൻസി(യുപി): വീട്ടമ്മയുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാനുള്ള ഭർതൃവീട്ടുകാരുടെ ശ്രമം നാലുവയസുകാരിയായ മകൾ വരച്ച ചിത്രത്തിലൂടെ പൊളിഞ്ഞു. ഉത്തർപ്രദേശിലെ കോട്വാലിയിൽ പഞ്ചവടി ശിവ് പരിവാർ കോളനിയിൽ ഇന്നലെയാണ് സോണാലി ബുധോലിയ(27) എന്ന സ്ത്രീ മരിച്ചത്.
സോണാലി ആത്മഹത്യ ചെയ്തതായാണ് ഭർതൃവീട്ടുകാർ യുവതിയുടെ കുടുംബത്തോട് പറഞ്ഞത്. എന്നാൽ മകൾ ദർശിത വരച്ച ഒരു ചിത്രവും മൊഴിയും സോണാലിയെ ഭർത്താവായ സന്ദീപ് ബുധോലിയ കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നതിനു വ്യക്തമായ തെളിവാകുകയായിരുന്നു.
“അച്ഛൻ അമ്മയെ ആക്രമിച്ച് കൊന്നതാണ്. തലയിൽ ഒരു കല്ലുകൊണ്ട് അടിച്ചശേഷം ശരീരം കെട്ടിത്തൂക്കി’ ആക്രമണത്തിന്റെ ചിത്രം വരച്ചുകൊണ്ട് മകൾ ദർശിത പോലീസിനു മൊഴി നൽകി. അച്ഛൻ അമ്മയെ കൊല്ലുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി വെളിപ്പെടുത്തി. തുടർന്നു നടത്തിയ അന്വേഷണത്തിൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ സന്ദീപ് വർഷങ്ങളായി പീഡിപ്പിച്ചിരുന്നതായി പോലീസിനു വ്യക്തമായതായി പറയുന്നു. പെൺകുട്ടിയെ പ്രസവിച്ചതിനെച്ചൊല്ലിയും സൊണാലിയെ പീഡിപ്പിച്ചിരുന്നത്രെ.