തൃശൂർ: രോഗവും കടബാധ്യതയും മൂലം കുടുംബാംഗങ്ങൾ കൂട്ട ആത്മഹത്യ ചെയ്യുന്നതിനിടയിൽ മൂന്നുവയസുള്ള മകനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ. കുറിച്ചിക്കര മാറ്റാംപുറം പുളിക്കാട്ടിൽ ദേവസിയുടെ മകൻ ഷിബുവിനെയാണ് തൃശൂർ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സോഫി തോമസ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. ശിക്ഷ നാളെ വിധിക്കും.
2012 ഫെബ്രുവരി എട്ടിന് അർധരാത്രിക്കു ശേഷമാണ് കേസിനാസ്പദമായ സംഭവം. പുളിക്കാട്ടിൽ ഫ്രാൻസിസ് മകൻ ദേവസി (56), ഭാര്യ എൽസി (54), മകനും പ്രതിയുമായ ഷിബുവിന്റെ ഭാര്യ മിനി (37), മക്കളായ അനീഷ്യ (എട്ട്), ആൽബിൻ (മൂന്ന്) എന്നിവരാണു മരിച്ചത്.പ്രതി ഷിബുവിന്റെ അമ്മ എൽസി കാൻസർ രോഗിയായിരുന്നു. കുടുംബം സാന്പത്തികമായി ബുദ്ധിമുട്ടിയിരുന്നു. അതിനിടയിൽ ആനപ്പാറ കോളനിപ്പടിയിലെ റബർതോട്ടത്തിലെ ഷീറ്റ് അടിക്കുന്നതിനും സൂക്ഷിക്കുന്നതിനും ഷിബുവിനെ തോട്ടമുടമ നോർത്ത് പറവൂർ കൈതാരം കണ്ണംപുഴ കാളിയാർ വിവേക് ജോയ് ഏല്പിച്ചിരുന്നു. റബർഷീറ്റുകൾ ക്രയവിക്രയം ചെയ്തതിനെക്കുറിച്ചു ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതോടെ കുടുംബാംഗങ്ങൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുകയാണെന്നു മരിച്ച ദേവസി കുറിപ്പ് എഴുതിവച്ചിരുന്നു.
കുടുംബാംഗങ്ങൾ കൂട്ട ആത്മഹത്യ ചെയ്തെന്നാണ് ആദ്യം കരുതിയതെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആൽബിനെ കഴുത്തുഞെരിച്ചു കൊന്നതാണെന്നു തെളിയുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.