ലക്നോ: ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ കൂട്ടമാനഭംഗത്തിനിരയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടി ജീവനൊടുക്കി. ബുധ്വാനിൽ പതിനാല് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയാണ് ജീവനൊടുക്കിയത്. പീഡനത്തിനിരയായി രണ്ടു ദിവസങ്ങൾക്കു ശേഷം പെൺകുട്ടി തൂങ്ങിമരിക്കുകയായിരുന്നു.
മൂന്നു പേർ ചേർന്ന് തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടി പോലീസ് പരാതിയിൽ പറയുന്നു. തിങ്കളാഴ്ച രാത്രിയിൽ മൂത്രപ്പുരയിൽപോകാൻ വീടിനു വെളിയിലിറങ്ങിയപ്പോൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതികളിൽ ഒരാൾ പെൺകുട്ടിയുടെ പരിചയക്കാരനാണ്.
രാത്രിയിൽ വീടിനു സമീപത്തെ സർക്കാർ സ്കൂളിലേക്കാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ക്രൂരമായ പീഡനത്തിനു ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നു. മാതാപിതാക്കൾ അന്വേഷിച്ചെത്തുമ്പോൾ പെൺകുട്ടി അവശനിലയിലായിരുന്നു.