പേരാമ്പ്ര: ജീവിതം വഴിമുട്ടിയപ്പോൾ പെൻഷൻ കാശിനായി വടിയും കുത്തിപ്പിടിച്ച് മുടന്തി മുടന്തി പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും കയറിയിറങ്ങി തന്റെ ജീവിത ദുരിതം വിവരിച്ച ജോസഫ് എന്ന പാപ്പച്ചൻ ഇനി ഭരണാധികാരികൾക്കു ശല്യമാകില്ല.
ഈ അവസ്ഥയിൽ അധികകാലം മുന്നോട്ടുപോകാനാകില്ലെന്നും ജീവനൊടുക്കേണ്ടി വരുമെന്നും താഴ്മയായി അദേഹം അധികാരികളെ അറിയിച്ചിട്ടും തക്കതായ ഇടപെടലുകളുണ്ടായില്ല. ഒടുവിൽ വളയത്ത് പാപ്പച്ചൻ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു.
ജീവിത പ്രാരാബ്ധങ്ങളും രോഗവും ഇദ്ദേഹത്തെ വലയ്ക്കുകയായിരുന്നു. ഒരു വർഷം മുന്‍പ് ഭാര്യ മരിച്ചതോടെ കിടപ്പു രോഗിയായ മകളെ കോഴിക്കോട്ട് ഒരു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ പാപ്പച്ചൻ ഏകനായാണ് മുതുകാട്ടിലെ വീട്ടിൽ താമസിച്ചിരുന്നത്. ജീവിക്കാൻ പണമില്ലാത്തതിനാൽ മരിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലെന്ന് ഇദ്ദേഹം പലരോടും പറയാറുണ്ടായിരുന്നു.
കിടപ്പാടത്തിന് പട്ടയം കിട്ടാത്തതിനെതിരേയായിരുന്നു ആദ്യ പോരാട്ടം. വില്ലേജ്, താലൂക്ക് ഓഫീസുകൾ, കോഴിക്കോട് കളക്ടറേറ്റ് എന്നിവിടങ്ങളിലെല്ലാം അദ്ദേഹം പട്ടയത്തിനായി സമരം ചെയ്തു. എല്ലാം ശരിയാക്കാം എന്ന മറുപടിയിൽ ഒതുക്കി ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ കൈയൊഴിഞ്ഞു.
പെൻഷൻ കിട്ടാതെ വലയുന്ന സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് വേണ്ടിയാണ് താൻ മരിക്കുന്നതെന്ന് രണ്ട് മാസം മുന്‍പ് നൽകിയ ആത്മഹത്യാക്കുറിപ്പിൽ ഇദ്ദേഹം പറഞ്ഞിരുന്നു.
സർക്കാർ കണ്ണടച്ചപ്പോൾ രക്തസാക്ഷിയാകാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ചക്കിട്ടപ്പാറ പഞ്ചായത്ത് അഞ്ചാം വാർഡിലാണ് പാപ്പച്ചൻ താമസിക്കുന്നത്. പഞ്ചായത്തു പ്രസിഡന്റിന്റെ വാർഡാണിത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്ത് ഓഫീസിന്റെ പടികളും പാപ്പച്ചൻ നിരവധി തവണ കയറി ഇറങ്ങിയിട്ടുണ്ട്.
മാസം തോറും നല്കുന്ന വികലാംഗ പെന്‍ഷനെ ആശ്രയിച്ചാണ് പാപ്പച്ചനും 47 വയസുള്ള കിടപ്പുരോഗിയായ മകളും ജീവിക്കുന്നത്. മറ്റു രണ്ടു പെണ്മക്കള് വിവാഹിതരാണ്. കഴിഞ്ഞ അഞ്ചുമാസമായി പെന്ഷന് മുടങ്ങിയിരിക്കുകയാണ്. മരുന്നു വാങ്ങുന്നതിനടക്കം സാമ്പത്തിക പ്രയാസം നേരിട്ടിരുന്നു.
പലരോടും കടം വാങ്ങിയാണു ജീവിക്കുന്നത്. കടം വാങ്ങി മടുത്തു. അതുകൊണ്ട് പതിനഞ്ചു ദിവസത്തിനകം എന്റെയും മകളുടെയും മുടങ്ങിയ പെന്ഷന് അനുവദിക്കണം. ഇല്ലെങ്കില്‍ പത്രക്കാരെയും ചാനലുകാരെയും വിളിച്ചുവരുത്തി ഞാന്‍ പഞ്ചായത്ത് ഓഫീസില്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച വിവരം പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുന്നു”- ഇതാണ് നവംബര്‍ ഒമ്പതിന് അദ്ദേഹം സ്വന്തം കൈപ്പടയില്‍ എഴുതിയ പരാതിയില്‍ പറയുന്നത്.
ജീവിക്കാന്‍ ഗതിയില്ലാതായപ്പോള്‍ മകളെ കോഴിക്കോട്ടെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. ഇന്നലെ ഉച്ചയ്ക്കു നാട്ടുകാരാണ് തൂങ്ങിമരിച്ച നിലയില്‍ പാപ്പച്ചനെ കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പ് ഭാര്യ മരിച്ചിരുന്നു. വടിയും കുത്തിപ്പിടിച്ചാണു പാപ്പച്ചന് പഞ്ചായത്ത് ഓഫീസിലും പോലീസ് സ്റ്റേഷനിലും കയറിയിറങ്ങിയിരുന്നത്. പല തവണ ഇതിനായി പഞ്ചായത്ത് ഓഫീസില്‍ പോയിരുന്നു. പലരില്‍നിന്നു കടം വാങ്ങിയാണ് ഇദ്ദേഹം ജീവിച്ചിരുന്നത്.
പാപ്പച്ചന്റെ മരണം വിവാദമായതോടെ അവകാശവാദങ്ങളുമായി രംഗത്തെത്തിയ അധികാരികൾക്കുള്ള മറുപടിയാണ് മകൾ ആൻസിയുടെ കണ്ണീരിൽ കുതിർന്ന വാക്കുകൾ. “അപ്പച്ചന് നിത്യച്ചെലവിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. മറ്റുള്ളവർക്കുവേണ്ടിക്കൂടിയാണ് അപ്പച്ചൻ പോരാടിയത്.’
സ്വന്തം ലേഖകന്‍