നാഗ്പുർ: വിവാഹത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കെ ബലാത്സംഗത്തിനിരയായതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണു സംഭവം. പീഡനത്തെ തുടർന്നുള്ള മാനസിക വിഷമത്തിലാണ് ജീവനൊടുക്കുന്നതെന്നു കാട്ടി യുവതി എഴുതിയ കുറിപ്പ് പോലീസ് കണ്ടെടുത്തു.
ഈ മാസം പതിനഞ്ചിനാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. യുവതിയുടെ സുഹൃത്ത് ഇവരെ മൊറാദി ബസ് സ്റ്റാൻഡിലേക്കു വിളിച്ചു വരുത്തുകയും നിർബന്ധിച്ച് മദ്യം കുടിപ്പിച്ചശേഷം പീഡനത്തിനിരയാക്കുകയുമായിരുന്നു. അബോധവസ്ഥയിലായ പെണ്‍കുട്ടിയെ ഇയാളുടെ സുഹൃത്തുക്കളും പീഡിപ്പിച്ചു. ഇതിനുശേഷം അർധരാത്രി പെണ്‍കുട്ടിയെ വഴിയരികിൽ ഉപേക്ഷിച്ചശേഷം സംഘം കടന്നുകളഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 10-ാം തീയതിയായിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ദിവസം, ഒപ്പം താമസിച്ചിരുന്ന അമ്മയും സഹോദരനും ജോലിക്കു പോയ സമയത്ത് യുവതി ജീവനൊടുക്കുകയായിരുന്നു. തന്നെ ഉപദ്രവിച്ചവനെ വെറുതെ വിടരുതെന്നും വധശിക്ഷ വാങ്ങി നൽകണമെന്നും പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ ആവശ്യപ്പെടുന്നു.