കാട്ടാക്കട: എട്ടു മാസം ഗർഭിണിയായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 21 രാവിലെ എട്ടിനാണ് സംഭവം നടന്നത്. കുറ്റിച്ചൽ തച്ചൻകോട് എരുമക്കുഴി സ്വദേശി ഷൈന(28) യാണ് മരണപ്പെട്ടത്.
ഷൈന ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഭർത്താവ് പറഞ്ഞത്. ഡോക്ടർമാർ പരിശോധിച്ചപ്പോഴേയ്ക്കും യുവതി എട്ടു മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. യുവതിയുടെ നില ഗുരുതരമാണെന്ന് മനസിലാക്കിയ ഡോക്ടർമാർ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഷൈന മരണപ്പെട്ടു.
നെയ്യാർഡാം പോലീസ് വീട്ടിലെത്തി ഇൻക്വസ്റ്റ് തയാറാക്കുന്നതിനിടെയാണ് സംഭവം കൊലപാതമാണെന്ന് മനസിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഭർത്താവ് സുനിലും കൂട്ടുകാരനായ കുമാറും വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനുശേഷം സുനിലും കുമാറും വീട്ടിൽ നിന്നും പുറത്തേയ്ക്ക് പോയി.
അല്പസമയത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സുനിൽ ഷൈനയെ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. പിന്നാലെ ഷൈനയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു. ഇതിനിടെ കുമാറും തിരിച്ചെത്തി. കുമാർ സുനിലിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സുനിൽ ഷൈനയുടെ ദേഹത്ത് തീ പടർത്തുകയായിരുന്നു.
പൊള്ളലേറ്റ ഷൈനയെ ആശുപത്രിയിൽ എത്തിച്ചത് സുനിലും കുമാറും ചേർന്നായിരുന്നു. സംഭവത്തിൽ അയൽവാസികളും സംശയം പോലീസിനോട് പ്രകടിപ്പിച്ചിരുന്നു. ഇന്നലെ സുനിലിനെ നെയ്യാർഡാം പോലീസ് കസ്റ്റഡിയിൽ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
കാട്ടാക്കട സിഐ വിജയരാഘവൻ, എസ്ഐ സതീഷ് എന്നിവരാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നത്. സുനിലിനെ ചോദ്യം ചെയ്തു വരികയാണ്. ഷൈന ബാങ്കിലെ താത്കാലിക ജീവനക്കാരിയായിരുന്നു. ഓട്ടോ ഡ്രൈവറാണ് സുനിൽ. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.