കോർബ: ഛത്തീസ്ഗഡിൽ കൗമാരക്കാരിയായ പെൺകുട്ടി തന്റെ കൺമുന്നിൽ വെച്ച് കൂട്ടമാനഭംഗത്തിനിരയായതിൽ മനംനൊന്ത് 21കാരൻ ജീവനൊടുക്കി. ചത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് സംഭവം. സെപ്റ്റംബർ ഒന്നിനാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. സുഹൃത്തായ സവൻ സായ്യാണ് ജീവനൊടുക്കിയത്.
പെൺകുട്ടിയും സുഹൃത്തും കോർബയിലെ ഒരു സ്കൂളിന് സമീപത്ത് ഒന്നിച്ചിരിക്കവെ സ്ഥലത്തെത്തിയ ഈശ്വർ ദാസ്, ഖേം കൻവാർ എന്നിവർ ഇവരിരുവരെയും മർദ്ദിക്കുകയും സവൻ സായിയുടെ മുന്നിൽ വെച്ച് പെൺക്കുട്ടിയെ മാനഭംഗപ്പെടുത്തുകയുമായിരുന്നു.
പിറ്റേന്ന് സമീപവാസികളായവരോട് ഈശ്വറും ഖേം കൻവാറും സംഭവത്തേക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് സായ് അറിഞ്ഞു. ഇതിൽ മനംനൊന്താണ് ഇയാൾ ജീവനൊടുക്കിയതെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. സവൻ സായിയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പോലീസ് സംഘം പെൺകുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരങ്ങൾ പുറത്ത് വന്നത്.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരെ അടുത്ത ദിവസ കോടതിയിൽ ഹാജരാക്കും.