കോഴിക്കോട്: കേരളത്തിൽ മദ്യപരുടെ സംഖ്യ വർധിച്ചതായി പഠന റിപ്പോർട്ട്. പുകവലി ദേശീയ ശരാശരിയെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞപ്പോൾ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ കൂടുതലാണെന്ന് ഇന്നലെ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ പുറത്തിറക്കിയ റിപ്പോർട്ടിലുണ്ട്.
ബാംഗളൂരുവിലെ നിംഹാൻസും സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിൽ കോഴിക്കോട്ടുള്ള ഇംഹാൻസും ( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ആൻഡ് ന്യൂറോ സയൻസസ്) ചേർന്നു തയാറാക്കിയതാണ് സർവേ റിപ്പോർട്ട്. സർക്കാരിന്റെ വികലമമായ മദ്യനയം മൂലം കേരളത്തിൽ മദ്യാസക്തരുടെ എണ്ണം വർധിക്കുന്നുവെന്ന മദ്യവിരുദ്ധസംഘടനകളുടെ ആരോപണം ശരിവയ്ക്കുന്നതാണ് റിപ്പോർട്ട് . സംസ്ഥാനത്ത് നൂറിൽ 14 പേർക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും മാനസിക അസുഖം ഉണ്ടായതായും റിപ്പോർട്ടിലുണ്ട്.
തൃശൂർ, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട താലൂക്കുകളിലെ വാർഡുകളിലാണ് സർവേ നടത്തിയത്. 18 വയസിനു മുകളിലുള്ളവരെ മാത്രമാണ് സർവേയിൽ ഉൾപ്പെടുത്തിയത്. റിപ്പോർട്ടിലെ വിശദാംശങ്ങൾ കേരളത്തെ മൊത്തത്തിൽ പ്രതിനിധീകരിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.
ദേശീയ ശരാശരിയേക്കാൾ ഇരട്ടിയായ ആത്മഹത്യപ്രവണതയും ലഹരി ഉപയോഗ വർധനയും ഏറെ ആശങ്കാജനകമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു സ്ഥിതി ഉണ്ടാവാൻ പാടില്ലാത്തതാണ്. ആശങ്കകൾ പരിഹരിക്കാൻ സംസ്ഥാനത്ത് മാനസികാരോഗ്യ ആക്ഷൻ പ്ലാൻ ഇംഹാൻസിന്റെ നേതൃത്വത്തിൽ ഉടൻ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
ജീവിതത്തിൽ ഒരിക്കലെങ്കിലും വിഷാദരോഗം, വിഷാദ-ഉന്മാദ രോഗം, ഉത്കണ്ഠ രോഗം, സ്കിസോഫ്രീനിയ എന്നിവയിലൊന്ന് ബാധിച്ചവരുടെ നിരക്ക് 14.4 ശതമാനമാണ്. വിഷാദം, ഉത്കണ്ഠ തുടങ്ങിയ രോഗങ്ങൾ ബാധിച്ചവർ 11 ശതമാനമാണ്. ഇവരിൽ 10 ശതമാനവും ലഹരി ഉപയോഗം മൂലം രോഗികളായവരാണ്.
റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ മേഖല, കേരള ശരാശരി, ദേശീയ ശരാശരി ക്രമത്തിൽ:
(1). പുകവലി-7.22, 20.89. (2). മദ്യപാനം-4.82, 4.61. (3). ആത്മഹത്യ പ്രവണത- 12.60, 6.00 (4). ഗുരുതര മാനസിക പ്രശ്നം-0.44, 0.77. (5). ഉത്കണ്ഠ രോഗം-5.43, 3.50. (6). നിലവിൽ വിഷാദ രോഗമുള്ളത്- 2.49, 2.65