കാലിഫോർണിയ: കൊല്ലം സ്വദേശികളായ നാലംഗ മലയാളി കുടുംബത്തെ അമേരിക്കയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്.
കൊല്ലം ഫാത്തിമാമാതാ കോളജ് മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ 57ൽ ഡോ.ജി.ഹെൻറിയുടെ മകൻ ആനന്ദ് സുജിത് (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്.
വെടിയേറ്റാണ് ആനന്ദ് സുജിത്തും ഭാര്യയും കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾക്കരുകിൽനിന്ന് പിസ്റ്റൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
ശുചിമുറിയിൽനിന്നാണ് ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. മക്കളുടെ മരണകാരണം അവ്യക്തം. ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
ഗൂഗിളില്‍ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാര്‍ട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയര്‍ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.